InOrmma

Wednesday, 1 January 2020

Ormma..

                                                                                       
Hi.....
        I think this New Year will support
 thoughts of Love 
                           and Humor in me .
I am really happy to share 
       my little thoughts to you 
                                through this blog. 
Continue visiting the blog for
             my little surprises. 
 Hope you will Enjoy..Happy New Year..

                                        എന്താണ് ഓർമ്മ ??ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതും മറന്നിട്ടില്ലാത്തതുമായ ഒരു കൂട്ടം സംഭവ വികാസങ്ങൾ.. ചിതലരിച്ചിട്ടില്ലാത്ത ഒരായിരം ഓർമ്മകളുടെ  കലവറയാണ്  ഇന്ന് നാമോരോരുത്തരുടെയും മനസ്സ്. ആയുസ്സിന്റെ ഓരോ മണിക്കൂർ  പിന്നിടുമ്പോഴും കഴിഞ്ഞു പോയ ഓരോ നിമിഷവും ആ നിലവറയിൽ ഭദ്രമായ്‌  സൂക്ഷിച്ചു വെക്കുന്നു. വേദനിക്കുമ്പോൾ ഒരു ചിരിയായ് , ചിരിയിൽ അല്പ്പം കണ്ണുനീരായ്  അവ എന്നും മനസ്സിനെ തഴുകിക്കൊണ്ടേയിരിക്കുന്നു. ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത ഒരു കൂട്ടം ഓർമ്മകളുടെ ഓർമ്മപ്പെടുത്തൽ ...അതാണ്‌  ഓർമ്മ 

Tuesday, 16 April 2019

Save the date


🙋ഈ അടുത്ത കാലത്ത് കണ്ട ഒരു സിനിമയിലെ ഡയലോഗ് പോലെ, ".എന്റെ അക്ഷരങ്ങളും വാക്കുകളും പണയത്തിൽ ആയിരുന്നു  "   എന്ന് പറയാനാണ് ഇപ്പോൾ തോന്നുന്നത്😜.തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കുള്ള ഒരു ഒളിച്ചോട്ടമായിരുന്നു ജീവിതം. ഇപ്പോഴിതാ ഒഴിച്ചുകൂടാനാവാത്ത മറ്റൊരു തിരക്കിലേക്ക് കാലം എന്നെ തള്ളിവിട്ടിരിക്കുകയാണ്. മുഖപുസ്തകത്തിലെയും ബയോഡാറ്റയിലെയുമൊക്കെ സ്റ്റാറ്റസ് മാറ്റുവാൻ  ടൈം  ആയത്രേ.ഇനി മുതൽ സിംഗിൾ അല്ല  ഡബിൾ ആണെന്ന് കൂട്ടുകാർ കളിയാക്കുന്നു.😊 എത്ര ശ്രമിച്ചലും പൂർത്തിയാക്കാൻ പറ്റാത്ത ഒരായിരം ഒരുക്കങ്ങൾ തുടങ്ങി  കഴിഞ്ഞു.  നൂല് പൊട്ടിയ പട്ടം പോലെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് മനസ്സ്😓 . ഇതുവരെയുള്ളതൊന്നും ജീവിതമല്ല ,ഇനി വരാനിരിക്കുന്നതാണ്  ജീവിതം എന്നാണു തലമൂത്തവരുടെ  പ്രസ്താവന. 😥അപ്പോൾ പത്തിരുപത്തിമൂന്നു  കൊല്ലം വെറുതെ ജീവിച്ചതാണോ എന്ന സംശയം ഇല്ലാതില്ല😭. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾക്കും ,ചോദ്യങ്ങൾ ഇല്ലാത്ത ഒരുപാട് ഉത്തരങ്ങൾക്കും ഇടയിൽ കാലം കരുതി വെച്ച,അല്ലെങ്കിൽ ദൈവം കാത്തുവെച്ച ജീവിതത്തിലേക്കുള്ള യാത്രക്കൊരുങ്ങുകയാണ്😍.നൂറു നൂറു ചോദ്യങ്ങളേയും ആശങ്കകളെയും ആവലാതികളെയുമെല്ലാം കാറ്റിൽ പറത്തി കൊണ്ട്,ശുഭപ്രതീക്ഷകളോടെ  അല്ലാഹുവിന്റെ നാമങ്ങൾ  ഉരുവിട്ടു കൊണ്ട് ....  👍
                 Dear readers, we need your blessings..Join Us

Sunday, 23 December 2018

Welcome 2019

  
"ഇരുളുമീ ഏകാന്ത രാവിൽ തിരിയിടും വാർത്തിങ്കളാക്കാം ,മനസിലെ മൺകൂടിനുള്ളിൽ  മയങ്ങുന്ന പൊൻവീണയാക്കാം.. ഒരു മുളം  തണ്ടായി  നിൻ ചുണ്ടത്തെ നോവുന്ന പാട്ടിൻറെ  ഈണങ്ങൾ ഞാനേറ്റു വാങ്ങാം.ഒരു കുളിർ താരാട്ടായ് ഞാൻ വാർക്കും കണ്ണീരിൻ കാണാപ്പൂ  മുത്തെല്ലാം നിന്നുള്ളിൽ ചേർക്കാം.."
                                         
                                 വർഷം  അവസാനിക്കാൻ  നേരമാവുമ്പോൾ ഞാനിതെവിടുന്നാണ് പാട്ടൊക്കെ പാടി  വരുന്നത് എന്നായിരിക്കും അല്ലെ. തിരക്കല്ലേ. എല്ലാർക്കും തിരക്കാണ്.അപ്പോൾ പിന്നെ ഞാനായിട്ട് മാറി നിൽക്കണോ. ഇപ്പോൾ തിരക്കൽപ്പം മാറി നിൽക്കുന്നുണ്ട്. വായനക്കാരും അൽപ്പം കൂടിയിട്ടുണ്ട്.
                                               2018 .ശെരിക്കും നൊമ്പരപ്പെടുത്തുന്ന ഒട്ടനവധി നാളുകൾ കടന്നു പോയ്. ചരിത്രത്തിലെ മറക്കാനാവാത്ത അനുഭവമായി ജൂലൈ-ഓഗസ്റ്റ് മാസത്തിലെ പ്രളയം. ജാതിയും മതവും മറന്ന് ,എ  പി എല്ലും ബി പി എല്ലും മറന്ന് മനുഷ്യനൊന്നായ് മാറിയ ദുരിദാശ്വാസ ക്യാമ്പുകൾ. നേടിയതെല്ലാം ഇല്ലാതാക്കാൻ ഒരേ ഒരു നിമിഷം മതി എന്ന് തെളിയിക്കാൻ ഉടയതമ്പുരാന് മഴയുടെ രൂപത്തിൽ വരേണ്ടി വന്നു.പക്ഷെ , മഴയൽപ്പം മാറിയ വേളയിൽ അത് കച്ചവടമാക്കാൻ രാഷ്ട്രീയ പാർട്ടികൾ മറന്നില്ല.  പിന്നീടങ്ങോട്ട് പത്രക്കാർക്ക് ഉത്സവമായിരുന്നു. ശബരിമലയും സ്ത്രീ പ്രവേശനവും,ദിലീപിൻ്റെ  രാജിയും  കാവ്യയുടെ പ്രസവവും. അതിനിടയിൽ  ദുരിതാശ്വാസ നിധി ആർക്കെങ്കിലും ആശ്വാസമായോ എന്നും അറിയില്ല. ഇതൊക്കെ ഞാനെന്തിനാ പറയുന്നതല്ലേ. എല്ലാരേം പോലെ എനിക്കെൻറെ കാര്യം നോക്കിയാൽ പോരെ.
                                       എന്നെ കുറിച്ച് ഞാനെന്തു  പറയാനാ . പുതിയ മേച്ചിൽ പുറങ്ങൾ തേടി നടന്നു ഒടുക്കം അധ്യാപനം എന്ന മേഖലയിലേക്ക് യാദൃശ്ചികമെന്നോണം എത്തിപ്പെട്ടു. കോളേജിന്റെ പടിയിറങ്ങാൻ സമയമായപ്പോൾ വീണ്ടും സ്കൂൾ ജീവിതത്തിലേക്ക് . പഠിപ്പിച്ച അധ്യാപകരെ മനസ്സാ സ്മരിച്ചു.  ചിലപ്പോൾ ഒക്കെ പശ്ചാത്താപം തോന്നി.വ്യത്യസ്തമായ  ഒരുപിടി നല്ല ഓർമ്മകൾ. യുവജനോത്സവങ്ങളിൽ സ്വയം സ്റ്റേജിൽ കയറിയതിനു  പകരം കയറ്റിപ്പിക്കുന്നതിന്റെയും, കായികദിനത്തിൽ ഓടുന്നതിനു പകരം ഓടിപ്പിക്കുന്നതിന്റെയും സുഖം  ഒന്ന് വേറെ തന്നെയാണ് എന്ന് തിരിച്ചറിയാൻ പറ്റി.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിഞ്ഞ മുഹൂർത്തങ്ങൾ. ഓർത്ത് വെക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം ല്ലേ..
                                              അങ്ങനെ ഓഖിയും നിപയും പ്രളയവും ഉമ്മ വെച്ച 2018 അതിന്റെ അവസാന നാളുകളിലേക്ക്   കടക്കുകയാണ്.ഒരുപാട്  പ്രതീക്ഷകളുമായി ഒരുപാട് പേര് 2019 നെ കാത്തു നിൽക്കുകയാണ്.മോഹിക്കാൻ ഒന്നുമില്ലാ എന്ന് കരുതിയവർക്കും ചിലപ്പോൾ ചില മോഹങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ടാവും.എല്ലാവരുടെയും  സ്വപ്‌നങ്ങളും ആഗ്രഹങ്ങളും എല്ലാം  സഫലമാകട്ടെ.ഒപ്പം എൻറെയും. പ്രാർത്ഥനയോടെ....പുതുവത്സരാശംസകൾ ..

x

Friday, 10 February 2017

വാലന്റൈൻ വരുന്നേ ഓടിക്കോ ..

വർഷത്തിൽ ആകെ ഉള്ള 365  ദിവസങ്ങളിൽ 90% വും ബുക്ക്ഡ് ആണ്.
അമ്മമാർക്കൊന്ന്,അമ്മൂമ്മമാർക്കൊന്നു,അച്ഛനൊന്ന് മകനൊന്ന്.ഇതൊന്നും പോരാത്തതിന് കമിതാക്കൾക്ക് വേറൊന്ന്.വേറൊരു ദിവസത്തിനും ഇല്ലാത്തത്രയും ശുഷ്കാന്തിയാണ് ഈ ദിവസത്തിന്.വാലന്റൈൻസ് ഡേ.
                                                      റോമിലെ ക്ളോഡിയസ് രണ്ടാമൻ ചക്രവർത്തി നാട്ടിൽ വിവാഹം നിരോധിച്ച വേളയിൽ ചക്രവർത്തിയെ ധിക്കരിച്ച് വാലന്റൈൻ എന്ന പള്ളീലച്ഛൻ വിവാഹങ്ങൾ നടത്തി.അതിന്റെ പേരിൽ ചക്രവർത്തി അച്ഛനെ ജയിലിൽ അടച്ചു.അച്ഛനാരാ മോൻ.ജയിൽ വാർഡന്റെ മകളെ കേറിയങ്ങു ലൈനടിച്ചു.ഇതറിഞ്ഞ ചക്രവർത്തി ഫെബ്രുവരി 14 നു അച്ഛന്റെ തലവെട്ടാൻ ഉത്തരവിട്ടു.അന്നേ ദിവസം അച്ഛൻ കാമുകിക്ക് കൊടുത്ത കത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണത്രെ ഭൂലോകത്തുള്ള സകല കമിതാക്കളും അന്നേ ദിവസം കത്തും കരളുമെല്ലാം കൈമാറുന്നത്,എന്നാണു കേട്ടറിവ്.എന്തരോ എന്തോ.ഏതായാലും ഫെബ്രുവരി തുടങ്ങുന്ന ദിവസം മുതൽ കമിതാക്കളുടെ നെഞ്ചിൽ തീ ആണ്.റോമിലുള്ള പള്ളീലച്ചൻ ആരെയോ കേറി പ്രേമിച്ചതിനു നമ്മുടെ നാട്ടിലെ കാമുകന്മാര് എന്തിനാണോ വാലീന് തീ പിടിച്ച പോലെ ഇങ്ങനെ കിടന്നു ഓടുന്നത്.അതൊക്കെ പോട്ടെ,ബാക്കി ഉള്ള 364 ദിവസവും നട്ടപാതിരാത്രി ഉറക്കമിളച്ചിരുന്ന് luv u da ,miss u da എന്ന് പുലമ്പുന്ന ഇവന്മാർക്കും ഇവളുമാർക്കുമെന്താ ഈ ദിവസം മാത്രം ഇത്ര ടെൻഷൻ?? ഇങ്ങനെ പോയാൽ കാമുകി തേച്ചിട്ടു പോയ കാമുകന് ഒരു ദിനം,കാമുകൻ പറ്റിച്ച കാമുകിക്ക് ഒന്ന്, ഭ്രാന്തായവർക്കൊന്ന്,കെട്ടിത്തൂങ്ങിയവർക്കൊന്ന് എന്നിങ്ങനെ 365 ദിവസവും ബുക്ക് ചെയ്യേണ്ടി വരും.വാലന്റൈൻസ്‌നെ നിരുത്സാഹപ്പെടുത്തുന്നില്ല.നിങ്ങളുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ,അത് വില കൂടിയ കരടിക്കുട്ടിയിലൂടെയോ ,kiss me close ur eyes എന്ന് പാടുന്ന ചോക്കലേറ്റിയിലൂടെയോ,വീടിന്റെ ആധാരം പണയപ്പെടുത്തി വാങ്ങിച്ച ഡയമണ്ട് നെക്‌ലേസിലൂടെയോ തെളിയിക്കേണ്ടതില്ല.(propose ചെയ്യുമ്പോൾ ഡയമണ്ട് വാങ്ങണം എന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ട്. മഞ്ജു വാര്യർക്ക് അങ്ങനെ പലതും പറയാം.എന്ന് കരുതി പാവപ്പെട്ടവർക്ക് പ്രേമിക്കണ്ടായോ എന്ന പേടിയും വേണ്ട).
                                        ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നത് ഹൃദയം കൊണ്ട് തന്നെ കേൾക്കാം.വേണമെങ്കിൽ സ്വീകരിക്കാം,വേണ്ടെങ്കിൽ തള്ളിക്കളയാം.രണ്ടിനും ഇടയിലെങ്കിൽ ഒന്നും അറിയാത്ത പോലെ ഒരു മൂളിപ്പാട്ടും പാടി പതിയെ ഓടി രക്ഷപ്പെടാം.അതൊക്കെ നിങ്ങളുടെ ഇഷ്ട്ടം.ഒരു ഫെബ്രുവരി 15 നു തുടങ്ങിയ ഇഷ്ട്ടം തുറന്നു പറയാൻ അടുത്ത ഫെബ്രുവരി 14 വരെ കാത്തിരിക്കേണ്ടതില്ല എന്നെ ഞാൻ പറഞ്ഞുള്ളു.ഏതായാലും കലണ്ടറിൽ രേഖപ്പെടുത്താത്ത ഈ ദിനത്തിനായ്,റോമിലെ വാലെന്റൈൻസ് അച്ഛന്റെ ഓർമ്മക്കായി എന്റെ വക,വാലെന്റൈൻസ് ദിന ആശംസകൾ..

Tuesday, 31 January 2017

B'Day

                                                  Happy b'day
വർഷമൊന്നുകൂടെ കഴിഞ്ഞു.ഇന്നെന്റെ പിറന്നാളായിരുന്നത്രെ.ആയുസ്സൊന്നു കുറഞ്ഞ
തിൽ സന്തോഷിക്കേണമോ അതോ ദുഃഖിക്കണമോ?അറിയില്ല.പക്ഷെ ഞാൻ തീരുമാനിച്ചു,ദുഃഖിക്കാൻ ഇനി ഞാനില്ല.എന്നെന്നെ വിളിക്കുന്നുവോ അന്ന് ഞാൻ വരും.എങ്കിലും ചില മോഹങ്ങൾ ബാക്കിയുണ്ട്.
                                         മലമുകളിൽ ഒരു കൊച്ചു വീട് വേണം.ദൈവത്തിന്റെ കരങ്ങൾ കൊണ്ട് തീർത്ത ചുവരുകളും കണ്ണുകൾകൊണ്ടുള്ള മേൽക്കൂരയും.അവിടെ നീയും നീയും ഞാനും.നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങൾ കൊണ്ടൊരു പന്തലൊരുക്കണം. തളർന്നപ്പോൾ താങ്ങായ ആ കൈകളിൽ ഒരിക്കൽ കൂടെ മുറുകെ പിടിച്ചു കൊണ്ട് ആ തണലിൽ നമുക്ക് വിശ്രമിക്കണം..എന്നും..എപ്പോഴും.....

Friday, 18 November 2016

story

 എന്റെ കസ്തൂരിമാൻ കുരുന്ന് ..

എന്റെ കോളേജിൽ നിന്ന് തന്നെ തുടങ്ങാം. പഠിക്കുന്ന കാലമല്ല.പഠിപ്പിക്കുന്ന കാലം.M-Tech 24 ആം വയസ്സിൽ തന്നെ കോളേജ് അധ്യാപകനായി മുക്കത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ ജോലി കിട്ടിയപ്പോൾ അല്പം അഹങ്കാരമൊക്കെ എനിക്കുണ്ടായിരുന്നു.3rd ഇയർ സിവിൽ ബാച്ചിന്റെ ചാർജ് എനിക്കായിരുന്നു.വൈകാതെ തന്നെ കുട്ടികളുമായും അധ്യാപകരുമായും നല്ല കൂട്ടായ്.കളി ചിരി പഠനം..എല്ലാം ഭംഗിയായി മുന്നോട്ടു നീങ്ങി.ജോയിൻ ചെയ്ത നാൾ മുതൽ ഞാൻ എന്നും ശ്രദ്ധിച്ചു പോന്നത് ഒരാളെ മാത്രം. അവളാണ് നായിക.അഭിരാമി.ഞാൻ ക്‌ളാസിൽ വരുന്നതും പോവുന്നതും ഒന്നും അവളറിയുന്നേ ഇല്ല.എന്നും മറ്റൊരു ലോകത്ത് .എന്നെ അപമാനിക്കുന്നത് പോലെ തോന്നിയപ്പോൾ വല്ലാത്തൊരു ദേഷ്യം എന്നിൽ പടർന്നു പിടിച്ചു.പിന്നീട് മനസ്സിലായി എല്ലാ ക്‌ളാസ്സിലും ഇതാണ് അവസ്ഥ.പണത്തിന്റെ ഹുങ്ക് കൊണ്ട് അഡ്മിഷൻ വാങ്ങിയതിന്റെ അഹങ്കാരമായിരിക്കാം.ഞാൻ കരുതി.ചോദ്യങ്ങൾ ചോദിച്ചു ഞാൻ അവളെ ബുദ്ധിമുട്ടിച്ചു.ഒരുപാട് കളിയാക്കി.നോ റെസ്പോണ്സ് .പിന്നെ സകല ദേഷ്യവും അടക്കി പിടിച്ചു.എങ്കിലും ഞാൻ അറിയാതെ എന്റെ കണ്ണുകൾ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
                             സ്റ്റാഫ് റൂമിൽ ഇരുന്നു പഴയ മാഗസിൻസ് മറിച്ചു നോക്കുകയായിരുന്നു.പെട്ടന്ന് അത്ഭുതം കണ്ടപോലെ എന്റെ കണ്ണ് തള്ളി.അടുത്തിരുന്ന ശരത് സാറിനെ തട്ടി വിളിച്ചു ഞാൻ ചോദിച്ചു.."സർ ,ഈ കുട്ടി..?"
മാഗസിൻ വാങ്ങി സർ പറഞ്ഞു,"അഭിരാമി, സന്ദീപ് സാറിന്റെ തന്നെ ക്‌ളാസിൽ ആണല്ലോ..അറിയില്ലേ?"
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല.ഡാൻസ് പ്രോഗ്രാമിന്റെ ഫോട്ടോസ്,best student of the year പ്രൈസ് വാങ്ങുന്നു,നിരവധി പ്രൈസുകൾ വേറെയും.കോളേജ് എലെക്ഷൻറെ ആവേശം കൊള്ളിക്കുന്ന മറ്റനേകം ഫോട്ടോസ്.തലതെറിച്ച പെണ്ണിന്റെ സകല മാനറിസങ്ങളും ചേർത്തു വെച്ച നിരവധി പോസുകൾ.ഞാനാകെ മൊത്തം കൺഫ്യൂഷൻ ആയി.
                            "അഭിരാമി"..ഞാൻ ഞെട്ടലോടെ പറഞ്ഞു.
          "no,അഭിമന്യു..അതാണ് ഞങ്ങൾ അവളെ വിളിച്ചിരുന്നത്". ശരത് സർ പറഞ്ഞു തുടങ്ങിയപ്പോൾ അറബിക്കഥയിലെ രാജകുമാരിയുടെ കഥ കേൾക്കാനുള്ള അതേ ആവേശത്തിൽ ഞാൻ കാത് കൂർപ്പിച്ചു.
എഞ്ചിനീയറിംഗ് ഓൾ ഇന്ത്യ എൻട്രൻസിൽ 63 ആം റാങ്ക്. കഴിഞ്ഞ വർഷങ്ങളിലെ എല്ലാം ടോപ് സ്കോറെർ.കോളേജ് ഡേ യും ഇലെക്ഷനും സെമിനാറും എല്ലാം അവളുണ്ടെങ്കിലേ കളർഫുൾ ആവുമായിരുന്നുള്ളു.സാധാരണകുടുംബം.അച്ഛൻ,അമ്മ,ചേട്ടൻ,അനിയൻ,അനിയത്തി.മൂന്നാം വർഷത്തിലേക്കു കടന്നു.ഒരു നാൾ ,മുക്കത്ത് നിന്ന് കോഴിക്കോട് പോവുന്ന ബസ് കാരന്തൂർ വെച്ച് ആക്സിഡന്റ് ആയി എന്ന വാർത്തക്കൊപ്പം അഭിയുടെ അച്ഛനും അമ്മയും കൂടപ്പിറപ്പുകളും മരണമടഞ്ഞു എന്ന സത്യം കൂടെ കോളേജിനെ തേടി വന്നു.അലറി വിളിച്ചു കരഞ്ഞ അഭിരാമിയെ എവിടെ നിന്നോ വന്ന രണ്ടു നേഴ്സ് മാർ വന്നു ഉള്ളം കാലിൽ ഇൻജക്ഷൻ ചെയ്തു ബോധരഹിതയാക്കിയതും ഒടുവിൽ തനിച്ചാക്കി തിരികെ വന്നതും ശരത് സാറിന്റെയും കുട്ടികളുടെയും കണ്ണിൽ ഇന്നും മായാതെ നിൽക്കുന്നു.കുറച്ചു ദിവസങ്ങൾ അവൾ അമ്മാവന്മാരോടൊപ്പം തള്ളി നീക്കി.വിവാഹം കഴിപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.അഭി മൂകമായ് എല്ലാം അനുസരിച്ചു. പക്ഷെ തനിക്കു തുടർന്ന് പഠിക്കണമെന്ന ആവശ്യം മാത്രം ആരും കേട്ടതില്ല.വാടിയ പൂ പോലെ ഒരു നാൾ അവൾ ക്ലാസ്സിൽ വന്നു.പക്ഷെ,പഠിക്കാത്ത കുട്ടിയെ കെട്ടി കൊണ്ട് പോവാൻ നിരവധി പേർ വന്നപ്പോൾ അമ്മാവന്മാർ അവളെ കോളേജിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി.തടിച്ചു വീങ്ങിയ കവിളുകളുമായ് അവൾ വീണ്ടും വന്നെങ്കിലും പ്രയോജനമുണ്ടായില്ല.പഠിപ്പിക്കണമെന്നു ആവശ്യപ്പെട്ട അധ്യാപകരെ വീട്ടുകാർ ഇറക്കി വിട്ടു.മാനസികമായി തകർന്ന അഭിരാമിയെ കോളേജിനോട് ചേർന്നുള്ള ഓർഫനേജിൽ താമസിപ്പിച്ചു.പിന്നീട് എന്തോ ദയ തോന്നിയതിനാലാവാം വീട്ടുകാർ തിരികെ വിളിച്ചു കൊണ്ട് പോയ്.
                                 സ്ഥിരമായി ക്ലാസ്സിൽ വന്നെങ്കിലും അഭിക്ക് പഴയ ആളാവാൻ സാധിച്ചില്ല.അവളുടെ കൗണ്ടർ ഇല്ലാത്ത ക്‌ളാസിൽ നിന്നും ശരത് സാർ അടക്കം പല ടീച്ചേഴ്സും ഇറങ്ങി പോന്നു.തുടർന്ന് പരീക്ഷകളിൽ അഭി തുടർച്ചയായി പരാജയപ്പെട്ടു.പതിയെ പതിയെ ആരും ശ്രദ്ധിക്കാതെയുമായ്.ഇതാണ് ശരത് സാറിൽ നിന്നും ഞാൻ കേട്ട കഥയുടെ ചുരുക്കരൂപം. ആദ്യം തോന്നിയ വെറുപ്പെല്ലാം എന്നിൽ നിന്നും അലിഞ്ഞില്ലാതായി.ആരെയും കൂസാതെ കോളേജിന്റെ വരാന്തകളിലൂടെ ഓടി നടന്ന അഭിരാമിയെ തിരികെ വേണമെന്ന് എന്റെ മനസ്സ് വല്ലാതെ കൊതിച്ചു.
                                   പിന്നീടുള്ള ഓരോ ക്ലാസ്സും അഭിരാമിക്ക് വേണ്ടി prepare  ചെയ്തു.അവളുടെ ഇല്ലാത്ത സംശയങ്ങൾക്ക് ഉത്തരം നൽകി.കുഞ്ഞു കുഞ്ഞു തമാശകൾ പറഞ്ഞു പതിയെ ചിരിപ്പിച്ചു.വരാന്തകളിലും ലൈബ്രറിയിലും ഞാൻ അവളെ പിന്തുടർന്നു.ടെക്സ്റ്റ് ബുക്കുകളും പേനയുമെല്ലാം ഞാൻ ക്ലാസ്സിൽ മനപ്പൂർവ്വം മറന്നു വെച്ചു.അവൾ വരുന്ന സമയത്തു ഞാൻ യാദൃശ്ചികമെന്നോണം വന്നു തുടങ്ങി.എന്നിലെ മാറ്റം മറ്റു കുട്ടികൾ തിരിച്ചറിഞ്ഞത് പോലെ ചില കമെന്റുകളും മറ്റും കേട്ട് തുടങ്ങി.അഭി എല്ലാത്തിനും പുഞ്ചിരിച്ചു.ഏതോ സിനിമയിൽ ആരോ പറഞ്ഞപോലെ എന്റെ അടി വയറ്റിൽ ആരോ മഞ്ഞു കോരിയിട്ടപോലെ. അഭി പതിയെ സംസാരിച്ചു തുടങ്ങി.കോളേജിന്റെ ഇടനാഴികളിൽ വച്ച് അവളൊരുപാട് കഥകൾ പറഞ്ഞു.അറിഞ്ഞോ അറിയാതെയോ ആ വിരലുകളിൽ പലപ്പോഴായി സ്പർശിച്ചു.അവളതൊന്നും ശ്രദ്ധിച്ചതില്ല എങ്കിലും എന്റെ ഹൃദയം ഒരു കാമുകന്റേതാവുന്നത് ഞാൻ തിരിച്ചറിഞ്ഞു.
                            "അഴകേ..കൺമണിയെ..അഴലിൻ  പൂവിതളേ ..
                           മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു മഴവിൽ ചിറകുള്ള കവിത..
                           നീയെന്റെ കസ്തൂരി മാൻ കുരുന്ന് .എന്റെ കസ്തൂരി മാൻ കുരുന്ന് .
   ഓരോ വീകെന്റിലും എന്റെ കൂടെ തലശ്ശേരിക്ക് വരുന്നോ എന്ന് ചോദിക്കാൻ മനസ്സ് വെമ്പി. എങ്കിലും എന്നിലെ അധ്യാപകന്റെ അഭിമാനം എന്നെ തടഞ്ഞു.വീട്ടിൽ അമ്മയോട് തമാശയിലെന്നപോലെ അഭിരാമിയെ കുറിച്ച് പറഞ്ഞപ്പോൾ, "നിനക്കിഷ്ടാണേൽ വിളിച്ചോണ്ടു പോരെ..ഞാൻ നോക്കിക്കൊളളാം " എന്ന് അമ്മ പറഞ്ഞപ്പോൾ അടിവയറ്റിലെ മഞ്ഞിന്റെ തണുപ്പ് കൂടി കൂടി വന്നു.
                        മൂന്നാം വർഷവും കഴിഞ്ഞു.പെട്ടന്നൊരു നാൾ അഭിയെ ക്ലാസ്സിൽ കാണാതെയായി.ആഴ്ച്ച ഒന്ന് കഴിഞ്ഞപ്പോൾ കൂട്ടുകാരി വഴി അറിഞ്ഞു.വീട്ടുകാർ പഴയ പല്ലവിയിലേക്കു തിരിഞ്ഞിരിക്കുന്നു.വിവാഹം.എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.അത്ര വല്യ ബാധ്യതയായി ഒരു പാവം പെൺകുട്ടിയെ കണക്കാക്കിയതോർത്തു എനിക്ക് ആരോടൊക്കെയോ വെറുപ്പ് തോന്നി..എങ്കിലും ഒന്നും ചെയ്യാൻ കഴിയാതെ ഞാൻ മരവിച്ചു നിന്നു.പതിയെ അവളെ മറക്കാൻ തുടങ്ങി.ഞാനവളെയല്ലേ സ്നേഹിച്ചത്,അവളെന്നെ അല്ലല്ലോ..എന്ന് കരുതി ആശ്വസിച്ചു. ഒരുനാൾ കോളേജിൽ എന്നെ തേടി ഒരു കത്ത് വന്നു. അഭിയുടെ കയ്യക്ഷരം.
"സർ,
          ആരോടും ഒന്നും പറയാനില്ല.എങ്കിലും എന്റെ മനഃസാക്ഷിയിയെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ കത്ത്.വിലകുറഞ്ഞ ഒരു കടലാസ്സു പോലും മോഹിക്കുവാനുള്ള അവകാശമില്ലെന്നറിഞ്ഞിട്ടും പലതും ഞാൻ മോഹിച്ചു പോയ്.എന്റെ തെറ്റാണ്.അത് തിരിച്ചറിഞ്ഞത് കൊണ്ടോ എന്തോ, ഇനി ആരെയും വേദനിപ്പിക്കാൻ എനിക്ക് വയ്യ.എന്റെ വാശികൾ മാത്രം ജയിച്ചാൽ പിന്നെ ജീവിതത്തിനു ഒരർത്ഥവും ഉണ്ടാവില്ലല്ലോ. പഠനം നിർത്തേണ്ടി വന്നതിൽ വിഷമം തോന്നുന്നുമില്ല.ആർക്കും ബാധ്യതയാവാൻ ഞാൻ ഇല്ല.കോളേജ് വരാന്തകളിൽ എന്നെ പിന്തുടരുമെന്നു മോഹിച്ചതിൽ, എനിക്ക് പഠിക്കുവാൻ തന്ന പുസ്തകങ്ങളിൽ ഒരു തുണ്ടു കടലാസു കാണുമെന്നു ആർത്തിയോടെ നോക്കിയതിൽ..എല്ലാം എല്ലാം ഞാൻ മാപ്പു ചോദിക്കുന്നു..sorry "
                                                                                            -അഭിരാമി.
ഞാനാകെ വിയർത്തു നിന്നു.എന്നിലെ അധ്യാപകനെ ഞാൻ വെറുത്തു.ഒന്ന് വിളിക്കാൻ പോലും തോന്നാതിരുന്നതിൽ എനിക്ക് എന്നോട് തന്നെ പുച്ച്ചം തോന്നി.പിന്നെ വൈകിയില്ല.റൂമിലെത്തിയ ഉടനെ രാത്രി ഒരു 7.30 ആയപ്പോൾ തന്നെ ഞാനവളെ വിളിച്ചു.പെട്ടന്ന് തന്നെ അവൾ ഫോൺ അറ്റൻഡ് ചെയ്തു.ഞാനങ്ങോട്ടു നിർത്താതെ പറഞ്ഞു തുടങ്ങി.
           "അഭീ..സോറി..നീ എന്ത് കരുതും എന്ന് കരുതിയാണു ഞാനിതുവരെ ഒന്നും പറയാതിരുന്നത്.പെട്ടന്ന് നീ വരാതെയാവും എന്ന് ഞാൻ ഓർത്തില്ല.i miss you ..& love you so much "
          മറുവശത്തു ഒരു തേങ്ങൽ മാത്രം.
                            "സർ.."
വേദന കടിച്ചമർത്തുന്നപോലെ .
             "അഭീ..അഭീ.." മറുപടി വന്നില്ല.
അപകടം മണത്ത ഞാൻ  ശരത് സാറിനെ വിളിച്ചു ഒറ്റശ്വാസത്തിൽ കാര്യങ്ങൾ പറഞ്ഞു.
             -------------------------------------------------------------------------------------------
                    "എന്നിട്ട്? ഒന്ന് വേഗം പറ."
"നീ ഒന്ന് ക്ഷമിക്കു ഫൈസലേ ,ഞാൻ അൽപ്പം വെള്ളം കുടിക്കട്ടെ." ഫൈസലടക്കം കാറിലിരുന്ന എല്ലാവർക്കും മുൻപൊന്നും ഇല്ലാത്ത ആകാംക്ഷ.ഞാൻ തുടർന്നു.
       ദൈവത്തിന്റെ കരങ്ങൾ ശരത് സാറിന്റെ രൂപത്തിൽ അഭിരാമിയുടെ വീട്ടിലെത്തി.അറുത്തുമുറിച്ച കൈകളുമായി തളർന്നു കിടക്കുന്ന അഭിയെ ഹോസ്പിറ്റലിൽ എത്തിച്ചു.അധികം വൈകാതെ തന്നെ അവൾക്കു ജീവൻ തിരിച്ചു കിട്ടി. അതേ കൈകളിൽ ഒരു പൊൻമോതിരമണിഞ്ഞു എന്റേതെന്ന അവകാശത്തിൽ ഞാനവളെ കോളേജിൽ തിരികെ കൊണ്ട് വന്നു.പിന്നീടവൾക്കു വരാന്തയിൽ തിരിഞ്ഞു നോക്കേണ്ടി വന്നതില്ല.ഞാൻ ഒപ്പം ഉണ്ടായിരുന്നു.
              "എന്നിട്ട്?"
ഫൈസലിന് വീണ്ടും ആകാംക്ഷ.
"എന്നിട്ടെന്ത്, ഒരു വർഷം കഴിഞ്ഞു ഇപ്പോൾ ഇവനിവളെ കെട്ടാൻ പോവുന്നു.ഇപ്പൊ മണാശ്ശേരി എത്തി.ഇനി 3km കൂടെ.വീട്ടുകാരും കുടുംബക്കാരും പുറകെ വരുന്നു." ഇനി നിനക്കെന്താ അറിയേണ്ടത്? വരുൺ പറഞ്ഞു.
ഫൈസൽ ചിരിച്ചു.
"ഞാനൊന്ന് ദുബായ് പോയ് വന്നപ്പോളേക്കും എന്തെല്ലാ സംഭവിച്ചത്,എന്നോർത്ത് പോയതാ..ഏതായാലും,നിന്റെ rank holder student come wife നെ കാണാൻ ഞങ്ങൾക്കും കൊതിയായ് .long story ആയതുകൊണ്ട് തലശ്ശേരിയിൽ നിന്ന് മുക്കം എത്തിയത് അറിഞ്ഞില്ല."
പൂക്കളാൽ അലങ്കരിച്ച കാറിൽ ഫൈസൽ ഒരു ഗാനം play ചെയ്തു.
           "നിൻ പൂവിരലിൽ പൊൻമോതിരമായി മെയ്യോടു ചേർന്നു ഞാൻ നിന്നു..
                 ഏതോ പുണ്യം മംഗല്യവുമായ് സ്വയംവര പന്തലിൽ വന്നൂ .."

Saturday, 5 November 2016

രാത്രി..

പേടിയോടെയാണ് ഓരോ രാത്രികളും എന്നെ തേടി വരുന്നത്.കാരണം,ഒരു കണ്ണുനീരിന്റെ നനവോടെ മാത്രമേ അവർക്കു തിരികെ പോകുവാൻ കഴിയുമായിരുന്നുള്ളൂ.എന്റെ മനസ്സിൽ വസന്തം വരുന്നതും കാത്തു എത്രയെത്ര രാത്രികൾ എന്നെ കടന്നു പോയെന്നോ.ചിലപ്പോൾ എന്റെ മാനസ്സാവാടിയിലെ പൂമൊട്ട് കണ്ടു അവ ആനന്ദ നൃത്തമാടും.വിടർന്ന പൂവിനായ് അടുത്ത രാത്രി കടന്നു വരുമ്പോൾ വാടി  കരിഞ്ഞു പോയ പൂമൊട്ട് ഞാൻ കണ്ണുനീരിനാൽ നനക്കുന്നത് കണ്ടു അവർ വേദനയോടെ തിരിച്ചു പോവും.മടുത്തത് കൊണ്ടാവാം, എന്റെ വേദനകളെ എന്നും പുതപ്പണിയിച്ച രാത്രികൾ പിന്നീട് വരാതെയായി.
               പിന്നീടൊരുനാൾ വീണ്ടുമൊരു പൂമൊട്ട്.ചുവന്ന
റോസാ പുഷ്പ്പത്തിന്റെ മൊട്ടു കണ്ടു ഞാൻ ആഹ്ലാദിച്ചു.വെള്ളവും വളവും നൽകിയിട്ടും എല്ലാം ഒടുവിൽ കരിഞ്ഞു പോവുകയാണ് പതിവ്.ഇതും അതുപോലെ ആവും. ഞാൻ അതിന്റെ വളർച്ചയെ തിരിഞ്ഞു നോക്കിയതില്ല.പക്ഷെ,വരില്ലെന്ന് കരുതിയ രാത്രികൾ എന്നരികിലേക്കിന്നലെ തിരികെ വന്നു."അല്ലയോ രാത്രി, കണ്ണുനീർ കൊണ്ട് മാത്രമേ നിന്നെ വരവേൽക്കാൻ കഴിയു എന്നറിഞ്ഞിട്ടും എന്തിനു നീ തിരികെ വന്നു?"
"എവിടെ നിന്റെ കണ്ണുനീർ?".. ആ മറുചോദ്യത്തിന്നു മുന്നിൽ പകച്ചു നിൽക്കെ,ഞാൻ കണ്ടു.ആ പുഷ്പ്പം വിടർന്നിരിക്കുന്നു.അതെന്നെ നോക്കി പുഞ്ചിരിച്ചു.എനിക്ക് കരയുവാൻ കഴിഞ്ഞതില്ല. ഞാൻ പുഞ്ചിരിച്ചു.പിന്നെ ആർത്തട്ടഹസിച്ചു.ഇനിയെന്റെ വാടിയിൽ പൂമ്പാറ്റകൾ വരും,പൂക്കൾ വിടരും.രാത്രിയെനിക്ക് താരാട്ടു പാടി. നക്ഷത്രങ്ങൾ എനിക്ക് ആശംസകൾ നേർന്നു.സ്വപ്‌നങ്ങൾ കൊണ്ട് ഞാൻ കൊട്ടാരം തീർത്തു.
                            തിരികെ പോകുവാൻ കഴിയാതെ രാത്രി എന്നരികിൽ മടിച്ചു നിൽക്കുന്നത് കണ്ടു ഞാൻ പറഞ്ഞു, "ധൈര്യമായി പൊയ്ക്കോളൂ,ഞാനിനി കരയില്ല.നമുക്ക് വീണ്ടും കണ്ടു മുട്ടാം.ഇപ്പോൾ നീ വെളിച്ചത്തിനു വഴി നൽകൂ."
അപ്പോൾ, അത്യധികം വിഷാദത്തോടെ മറുപടി വന്നു,"ഇനി ഒരിക്കലും വെളിച്ചം നിന്നെ തേടി വരില്ല."
ഒരു ഞെട്ടലിനൊടുവിൽ ഞാൻ മനസ്സിലാക്കി, രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ആ പൂവും കരിഞ്ഞു പോയിരുന്നു.വീണ്ടുമൊരു പരീക്ഷണത്തിന് വിധേയയാക്കാതെ ആ രാത്രി തന്നെ എന്നെ മരണത്തിലേക്ക് നയിക്കുകയായിരുന്നു എന്ന്. ഒന്നും അറിഞ്ഞില്ല..ഞാനങ്ങു ഉറങ്ങി പോയ്.