InOrmma

Friday 10 February 2017

വാലന്റൈൻ വരുന്നേ ഓടിക്കോ ..

വർഷത്തിൽ ആകെ ഉള്ള 365  ദിവസങ്ങളിൽ 90% വും ബുക്ക്ഡ് ആണ്.
അമ്മമാർക്കൊന്ന്,അമ്മൂമ്മമാർക്കൊന്നു,അച്ഛനൊന്ന് മകനൊന്ന്.ഇതൊന്നും പോരാത്തതിന് കമിതാക്കൾക്ക് വേറൊന്ന്.വേറൊരു ദിവസത്തിനും ഇല്ലാത്തത്രയും ശുഷ്കാന്തിയാണ് ഈ ദിവസത്തിന്.വാലന്റൈൻസ് ഡേ.
                                                      റോമിലെ ക്ളോഡിയസ് രണ്ടാമൻ ചക്രവർത്തി നാട്ടിൽ വിവാഹം നിരോധിച്ച വേളയിൽ ചക്രവർത്തിയെ ധിക്കരിച്ച് വാലന്റൈൻ എന്ന പള്ളീലച്ഛൻ വിവാഹങ്ങൾ നടത്തി.അതിന്റെ പേരിൽ ചക്രവർത്തി അച്ഛനെ ജയിലിൽ അടച്ചു.അച്ഛനാരാ മോൻ.ജയിൽ വാർഡന്റെ മകളെ കേറിയങ്ങു ലൈനടിച്ചു.ഇതറിഞ്ഞ ചക്രവർത്തി ഫെബ്രുവരി 14 നു അച്ഛന്റെ തലവെട്ടാൻ ഉത്തരവിട്ടു.അന്നേ ദിവസം അച്ഛൻ കാമുകിക്ക് കൊടുത്ത കത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണത്രെ ഭൂലോകത്തുള്ള സകല കമിതാക്കളും അന്നേ ദിവസം കത്തും കരളുമെല്ലാം കൈമാറുന്നത്,എന്നാണു കേട്ടറിവ്.എന്തരോ എന്തോ.ഏതായാലും ഫെബ്രുവരി തുടങ്ങുന്ന ദിവസം മുതൽ കമിതാക്കളുടെ നെഞ്ചിൽ തീ ആണ്.റോമിലുള്ള പള്ളീലച്ചൻ ആരെയോ കേറി പ്രേമിച്ചതിനു നമ്മുടെ നാട്ടിലെ കാമുകന്മാര് എന്തിനാണോ വാലീന് തീ പിടിച്ച പോലെ ഇങ്ങനെ കിടന്നു ഓടുന്നത്.അതൊക്കെ പോട്ടെ,ബാക്കി ഉള്ള 364 ദിവസവും നട്ടപാതിരാത്രി ഉറക്കമിളച്ചിരുന്ന് luv u da ,miss u da എന്ന് പുലമ്പുന്ന ഇവന്മാർക്കും ഇവളുമാർക്കുമെന്താ ഈ ദിവസം മാത്രം ഇത്ര ടെൻഷൻ?? ഇങ്ങനെ പോയാൽ കാമുകി തേച്ചിട്ടു പോയ കാമുകന് ഒരു ദിനം,കാമുകൻ പറ്റിച്ച കാമുകിക്ക് ഒന്ന്, ഭ്രാന്തായവർക്കൊന്ന്,കെട്ടിത്തൂങ്ങിയവർക്കൊന്ന് എന്നിങ്ങനെ 365 ദിവസവും ബുക്ക് ചെയ്യേണ്ടി വരും.വാലന്റൈൻസ്‌നെ നിരുത്സാഹപ്പെടുത്തുന്നില്ല.നിങ്ങളുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ,അത് വില കൂടിയ കരടിക്കുട്ടിയിലൂടെയോ ,kiss me close ur eyes എന്ന് പാടുന്ന ചോക്കലേറ്റിയിലൂടെയോ,വീടിന്റെ ആധാരം പണയപ്പെടുത്തി വാങ്ങിച്ച ഡയമണ്ട് നെക്‌ലേസിലൂടെയോ തെളിയിക്കേണ്ടതില്ല.(propose ചെയ്യുമ്പോൾ ഡയമണ്ട് വാങ്ങണം എന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ട്. മഞ്ജു വാര്യർക്ക് അങ്ങനെ പലതും പറയാം.എന്ന് കരുതി പാവപ്പെട്ടവർക്ക് പ്രേമിക്കണ്ടായോ എന്ന പേടിയും വേണ്ട).
                                        ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നത് ഹൃദയം കൊണ്ട് തന്നെ കേൾക്കാം.വേണമെങ്കിൽ സ്വീകരിക്കാം,വേണ്ടെങ്കിൽ തള്ളിക്കളയാം.രണ്ടിനും ഇടയിലെങ്കിൽ ഒന്നും അറിയാത്ത പോലെ ഒരു മൂളിപ്പാട്ടും പാടി പതിയെ ഓടി രക്ഷപ്പെടാം.അതൊക്കെ നിങ്ങളുടെ ഇഷ്ട്ടം.ഒരു ഫെബ്രുവരി 15 നു തുടങ്ങിയ ഇഷ്ട്ടം തുറന്നു പറയാൻ അടുത്ത ഫെബ്രുവരി 14 വരെ കാത്തിരിക്കേണ്ടതില്ല എന്നെ ഞാൻ പറഞ്ഞുള്ളു.ഏതായാലും കലണ്ടറിൽ രേഖപ്പെടുത്താത്ത ഈ ദിനത്തിനായ്,റോമിലെ വാലെന്റൈൻസ് അച്ഛന്റെ ഓർമ്മക്കായി എന്റെ വക,വാലെന്റൈൻസ് ദിന ആശംസകൾ..

No comments:

Post a Comment