InOrmma

Sunday 23 December 2018

Welcome 2019

  
"ഇരുളുമീ ഏകാന്ത രാവിൽ തിരിയിടും വാർത്തിങ്കളാക്കാം ,മനസിലെ മൺകൂടിനുള്ളിൽ  മയങ്ങുന്ന പൊൻവീണയാക്കാം.. ഒരു മുളം  തണ്ടായി  നിൻ ചുണ്ടത്തെ നോവുന്ന പാട്ടിൻറെ  ഈണങ്ങൾ ഞാനേറ്റു വാങ്ങാം.ഒരു കുളിർ താരാട്ടായ് ഞാൻ വാർക്കും കണ്ണീരിൻ കാണാപ്പൂ  മുത്തെല്ലാം നിന്നുള്ളിൽ ചേർക്കാം.."
                                         
                                 വർഷം  അവസാനിക്കാൻ  നേരമാവുമ്പോൾ ഞാനിതെവിടുന്നാണ് പാട്ടൊക്കെ പാടി  വരുന്നത് എന്നായിരിക്കും അല്ലെ. തിരക്കല്ലേ. എല്ലാർക്കും തിരക്കാണ്.അപ്പോൾ പിന്നെ ഞാനായിട്ട് മാറി നിൽക്കണോ. ഇപ്പോൾ തിരക്കൽപ്പം മാറി നിൽക്കുന്നുണ്ട്. വായനക്കാരും അൽപ്പം കൂടിയിട്ടുണ്ട്.
                                               2018 .ശെരിക്കും നൊമ്പരപ്പെടുത്തുന്ന ഒട്ടനവധി നാളുകൾ കടന്നു പോയ്. ചരിത്രത്തിലെ മറക്കാനാവാത്ത അനുഭവമായി ജൂലൈ-ഓഗസ്റ്റ് മാസത്തിലെ പ്രളയം. ജാതിയും മതവും മറന്ന് ,എ  പി എല്ലും ബി പി എല്ലും മറന്ന് മനുഷ്യനൊന്നായ് മാറിയ ദുരിദാശ്വാസ ക്യാമ്പുകൾ. നേടിയതെല്ലാം ഇല്ലാതാക്കാൻ ഒരേ ഒരു നിമിഷം മതി എന്ന് തെളിയിക്കാൻ ഉടയതമ്പുരാന് മഴയുടെ രൂപത്തിൽ വരേണ്ടി വന്നു.പക്ഷെ , മഴയൽപ്പം മാറിയ വേളയിൽ അത് കച്ചവടമാക്കാൻ രാഷ്ട്രീയ പാർട്ടികൾ മറന്നില്ല.  പിന്നീടങ്ങോട്ട് പത്രക്കാർക്ക് ഉത്സവമായിരുന്നു. ശബരിമലയും സ്ത്രീ പ്രവേശനവും,ദിലീപിൻ്റെ  രാജിയും  കാവ്യയുടെ പ്രസവവും. അതിനിടയിൽ  ദുരിതാശ്വാസ നിധി ആർക്കെങ്കിലും ആശ്വാസമായോ എന്നും അറിയില്ല. ഇതൊക്കെ ഞാനെന്തിനാ പറയുന്നതല്ലേ. എല്ലാരേം പോലെ എനിക്കെൻറെ കാര്യം നോക്കിയാൽ പോരെ.
                                       എന്നെ കുറിച്ച് ഞാനെന്തു  പറയാനാ . പുതിയ മേച്ചിൽ പുറങ്ങൾ തേടി നടന്നു ഒടുക്കം അധ്യാപനം എന്ന മേഖലയിലേക്ക് യാദൃശ്ചികമെന്നോണം എത്തിപ്പെട്ടു. കോളേജിന്റെ പടിയിറങ്ങാൻ സമയമായപ്പോൾ വീണ്ടും സ്കൂൾ ജീവിതത്തിലേക്ക് . പഠിപ്പിച്ച അധ്യാപകരെ മനസ്സാ സ്മരിച്ചു.  ചിലപ്പോൾ ഒക്കെ പശ്ചാത്താപം തോന്നി.വ്യത്യസ്തമായ  ഒരുപിടി നല്ല ഓർമ്മകൾ. യുവജനോത്സവങ്ങളിൽ സ്വയം സ്റ്റേജിൽ കയറിയതിനു  പകരം കയറ്റിപ്പിക്കുന്നതിന്റെയും, കായികദിനത്തിൽ ഓടുന്നതിനു പകരം ഓടിപ്പിക്കുന്നതിന്റെയും സുഖം  ഒന്ന് വേറെ തന്നെയാണ് എന്ന് തിരിച്ചറിയാൻ പറ്റി.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിഞ്ഞ മുഹൂർത്തങ്ങൾ. ഓർത്ത് വെക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം ല്ലേ..
                                              അങ്ങനെ ഓഖിയും നിപയും പ്രളയവും ഉമ്മ വെച്ച 2018 അതിന്റെ അവസാന നാളുകളിലേക്ക്   കടക്കുകയാണ്.ഒരുപാട്  പ്രതീക്ഷകളുമായി ഒരുപാട് പേര് 2019 നെ കാത്തു നിൽക്കുകയാണ്.മോഹിക്കാൻ ഒന്നുമില്ലാ എന്ന് കരുതിയവർക്കും ചിലപ്പോൾ ചില മോഹങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ടാവും.എല്ലാവരുടെയും  സ്വപ്‌നങ്ങളും ആഗ്രഹങ്ങളും എല്ലാം  സഫലമാകട്ടെ.ഒപ്പം എൻറെയും. പ്രാർത്ഥനയോടെ....പുതുവത്സരാശംസകൾ ..

x

No comments:

Post a Comment