InOrmma

Friday 18 November 2016

story

 എന്റെ കസ്തൂരിമാൻ കുരുന്ന് ..

എന്റെ കോളേജിൽ നിന്ന് തന്നെ തുടങ്ങാം. പഠിക്കുന്ന കാലമല്ല.പഠിപ്പിക്കുന്ന കാലം.M-Tech 24 ആം വയസ്സിൽ തന്നെ കോളേജ് അധ്യാപകനായി മുക്കത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ ജോലി കിട്ടിയപ്പോൾ അല്പം അഹങ്കാരമൊക്കെ എനിക്കുണ്ടായിരുന്നു.3rd ഇയർ സിവിൽ ബാച്ചിന്റെ ചാർജ് എനിക്കായിരുന്നു.വൈകാതെ തന്നെ കുട്ടികളുമായും അധ്യാപകരുമായും നല്ല കൂട്ടായ്.കളി ചിരി പഠനം..എല്ലാം ഭംഗിയായി മുന്നോട്ടു നീങ്ങി.ജോയിൻ ചെയ്ത നാൾ മുതൽ ഞാൻ എന്നും ശ്രദ്ധിച്ചു പോന്നത് ഒരാളെ മാത്രം. അവളാണ് നായിക.അഭിരാമി.ഞാൻ ക്‌ളാസിൽ വരുന്നതും പോവുന്നതും ഒന്നും അവളറിയുന്നേ ഇല്ല.എന്നും മറ്റൊരു ലോകത്ത് .എന്നെ അപമാനിക്കുന്നത് പോലെ തോന്നിയപ്പോൾ വല്ലാത്തൊരു ദേഷ്യം എന്നിൽ പടർന്നു പിടിച്ചു.പിന്നീട് മനസ്സിലായി എല്ലാ ക്‌ളാസ്സിലും ഇതാണ് അവസ്ഥ.പണത്തിന്റെ ഹുങ്ക് കൊണ്ട് അഡ്മിഷൻ വാങ്ങിയതിന്റെ അഹങ്കാരമായിരിക്കാം.ഞാൻ കരുതി.ചോദ്യങ്ങൾ ചോദിച്ചു ഞാൻ അവളെ ബുദ്ധിമുട്ടിച്ചു.ഒരുപാട് കളിയാക്കി.നോ റെസ്പോണ്സ് .പിന്നെ സകല ദേഷ്യവും അടക്കി പിടിച്ചു.എങ്കിലും ഞാൻ അറിയാതെ എന്റെ കണ്ണുകൾ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
                             സ്റ്റാഫ് റൂമിൽ ഇരുന്നു പഴയ മാഗസിൻസ് മറിച്ചു നോക്കുകയായിരുന്നു.പെട്ടന്ന് അത്ഭുതം കണ്ടപോലെ എന്റെ കണ്ണ് തള്ളി.അടുത്തിരുന്ന ശരത് സാറിനെ തട്ടി വിളിച്ചു ഞാൻ ചോദിച്ചു.."സർ ,ഈ കുട്ടി..?"
മാഗസിൻ വാങ്ങി സർ പറഞ്ഞു,"അഭിരാമി, സന്ദീപ് സാറിന്റെ തന്നെ ക്‌ളാസിൽ ആണല്ലോ..അറിയില്ലേ?"
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല.ഡാൻസ് പ്രോഗ്രാമിന്റെ ഫോട്ടോസ്,best student of the year പ്രൈസ് വാങ്ങുന്നു,നിരവധി പ്രൈസുകൾ വേറെയും.കോളേജ് എലെക്ഷൻറെ ആവേശം കൊള്ളിക്കുന്ന മറ്റനേകം ഫോട്ടോസ്.തലതെറിച്ച പെണ്ണിന്റെ സകല മാനറിസങ്ങളും ചേർത്തു വെച്ച നിരവധി പോസുകൾ.ഞാനാകെ മൊത്തം കൺഫ്യൂഷൻ ആയി.
                            "അഭിരാമി"..ഞാൻ ഞെട്ടലോടെ പറഞ്ഞു.
          "no,അഭിമന്യു..അതാണ് ഞങ്ങൾ അവളെ വിളിച്ചിരുന്നത്". ശരത് സർ പറഞ്ഞു തുടങ്ങിയപ്പോൾ അറബിക്കഥയിലെ രാജകുമാരിയുടെ കഥ കേൾക്കാനുള്ള അതേ ആവേശത്തിൽ ഞാൻ കാത് കൂർപ്പിച്ചു.
എഞ്ചിനീയറിംഗ് ഓൾ ഇന്ത്യ എൻട്രൻസിൽ 63 ആം റാങ്ക്. കഴിഞ്ഞ വർഷങ്ങളിലെ എല്ലാം ടോപ് സ്കോറെർ.കോളേജ് ഡേ യും ഇലെക്ഷനും സെമിനാറും എല്ലാം അവളുണ്ടെങ്കിലേ കളർഫുൾ ആവുമായിരുന്നുള്ളു.സാധാരണകുടുംബം.അച്ഛൻ,അമ്മ,ചേട്ടൻ,അനിയൻ,അനിയത്തി.മൂന്നാം വർഷത്തിലേക്കു കടന്നു.ഒരു നാൾ ,മുക്കത്ത് നിന്ന് കോഴിക്കോട് പോവുന്ന ബസ് കാരന്തൂർ വെച്ച് ആക്സിഡന്റ് ആയി എന്ന വാർത്തക്കൊപ്പം അഭിയുടെ അച്ഛനും അമ്മയും കൂടപ്പിറപ്പുകളും മരണമടഞ്ഞു എന്ന സത്യം കൂടെ കോളേജിനെ തേടി വന്നു.അലറി വിളിച്ചു കരഞ്ഞ അഭിരാമിയെ എവിടെ നിന്നോ വന്ന രണ്ടു നേഴ്സ് മാർ വന്നു ഉള്ളം കാലിൽ ഇൻജക്ഷൻ ചെയ്തു ബോധരഹിതയാക്കിയതും ഒടുവിൽ തനിച്ചാക്കി തിരികെ വന്നതും ശരത് സാറിന്റെയും കുട്ടികളുടെയും കണ്ണിൽ ഇന്നും മായാതെ നിൽക്കുന്നു.കുറച്ചു ദിവസങ്ങൾ അവൾ അമ്മാവന്മാരോടൊപ്പം തള്ളി നീക്കി.വിവാഹം കഴിപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.അഭി മൂകമായ് എല്ലാം അനുസരിച്ചു. പക്ഷെ തനിക്കു തുടർന്ന് പഠിക്കണമെന്ന ആവശ്യം മാത്രം ആരും കേട്ടതില്ല.വാടിയ പൂ പോലെ ഒരു നാൾ അവൾ ക്ലാസ്സിൽ വന്നു.പക്ഷെ,പഠിക്കാത്ത കുട്ടിയെ കെട്ടി കൊണ്ട് പോവാൻ നിരവധി പേർ വന്നപ്പോൾ അമ്മാവന്മാർ അവളെ കോളേജിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി.തടിച്ചു വീങ്ങിയ കവിളുകളുമായ് അവൾ വീണ്ടും വന്നെങ്കിലും പ്രയോജനമുണ്ടായില്ല.പഠിപ്പിക്കണമെന്നു ആവശ്യപ്പെട്ട അധ്യാപകരെ വീട്ടുകാർ ഇറക്കി വിട്ടു.മാനസികമായി തകർന്ന അഭിരാമിയെ കോളേജിനോട് ചേർന്നുള്ള ഓർഫനേജിൽ താമസിപ്പിച്ചു.പിന്നീട് എന്തോ ദയ തോന്നിയതിനാലാവാം വീട്ടുകാർ തിരികെ വിളിച്ചു കൊണ്ട് പോയ്.
                                 സ്ഥിരമായി ക്ലാസ്സിൽ വന്നെങ്കിലും അഭിക്ക് പഴയ ആളാവാൻ സാധിച്ചില്ല.അവളുടെ കൗണ്ടർ ഇല്ലാത്ത ക്‌ളാസിൽ നിന്നും ശരത് സാർ അടക്കം പല ടീച്ചേഴ്സും ഇറങ്ങി പോന്നു.തുടർന്ന് പരീക്ഷകളിൽ അഭി തുടർച്ചയായി പരാജയപ്പെട്ടു.പതിയെ പതിയെ ആരും ശ്രദ്ധിക്കാതെയുമായ്.ഇതാണ് ശരത് സാറിൽ നിന്നും ഞാൻ കേട്ട കഥയുടെ ചുരുക്കരൂപം. ആദ്യം തോന്നിയ വെറുപ്പെല്ലാം എന്നിൽ നിന്നും അലിഞ്ഞില്ലാതായി.ആരെയും കൂസാതെ കോളേജിന്റെ വരാന്തകളിലൂടെ ഓടി നടന്ന അഭിരാമിയെ തിരികെ വേണമെന്ന് എന്റെ മനസ്സ് വല്ലാതെ കൊതിച്ചു.
                                   പിന്നീടുള്ള ഓരോ ക്ലാസ്സും അഭിരാമിക്ക് വേണ്ടി prepare  ചെയ്തു.അവളുടെ ഇല്ലാത്ത സംശയങ്ങൾക്ക് ഉത്തരം നൽകി.കുഞ്ഞു കുഞ്ഞു തമാശകൾ പറഞ്ഞു പതിയെ ചിരിപ്പിച്ചു.വരാന്തകളിലും ലൈബ്രറിയിലും ഞാൻ അവളെ പിന്തുടർന്നു.ടെക്സ്റ്റ് ബുക്കുകളും പേനയുമെല്ലാം ഞാൻ ക്ലാസ്സിൽ മനപ്പൂർവ്വം മറന്നു വെച്ചു.അവൾ വരുന്ന സമയത്തു ഞാൻ യാദൃശ്ചികമെന്നോണം വന്നു തുടങ്ങി.എന്നിലെ മാറ്റം മറ്റു കുട്ടികൾ തിരിച്ചറിഞ്ഞത് പോലെ ചില കമെന്റുകളും മറ്റും കേട്ട് തുടങ്ങി.അഭി എല്ലാത്തിനും പുഞ്ചിരിച്ചു.ഏതോ സിനിമയിൽ ആരോ പറഞ്ഞപോലെ എന്റെ അടി വയറ്റിൽ ആരോ മഞ്ഞു കോരിയിട്ടപോലെ. അഭി പതിയെ സംസാരിച്ചു തുടങ്ങി.കോളേജിന്റെ ഇടനാഴികളിൽ വച്ച് അവളൊരുപാട് കഥകൾ പറഞ്ഞു.അറിഞ്ഞോ അറിയാതെയോ ആ വിരലുകളിൽ പലപ്പോഴായി സ്പർശിച്ചു.അവളതൊന്നും ശ്രദ്ധിച്ചതില്ല എങ്കിലും എന്റെ ഹൃദയം ഒരു കാമുകന്റേതാവുന്നത് ഞാൻ തിരിച്ചറിഞ്ഞു.
                            "അഴകേ..കൺമണിയെ..അഴലിൻ  പൂവിതളേ ..
                           മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു മഴവിൽ ചിറകുള്ള കവിത..
                           നീയെന്റെ കസ്തൂരി മാൻ കുരുന്ന് .എന്റെ കസ്തൂരി മാൻ കുരുന്ന് .
   ഓരോ വീകെന്റിലും എന്റെ കൂടെ തലശ്ശേരിക്ക് വരുന്നോ എന്ന് ചോദിക്കാൻ മനസ്സ് വെമ്പി. എങ്കിലും എന്നിലെ അധ്യാപകന്റെ അഭിമാനം എന്നെ തടഞ്ഞു.വീട്ടിൽ അമ്മയോട് തമാശയിലെന്നപോലെ അഭിരാമിയെ കുറിച്ച് പറഞ്ഞപ്പോൾ, "നിനക്കിഷ്ടാണേൽ വിളിച്ചോണ്ടു പോരെ..ഞാൻ നോക്കിക്കൊളളാം " എന്ന് അമ്മ പറഞ്ഞപ്പോൾ അടിവയറ്റിലെ മഞ്ഞിന്റെ തണുപ്പ് കൂടി കൂടി വന്നു.
                        മൂന്നാം വർഷവും കഴിഞ്ഞു.പെട്ടന്നൊരു നാൾ അഭിയെ ക്ലാസ്സിൽ കാണാതെയായി.ആഴ്ച്ച ഒന്ന് കഴിഞ്ഞപ്പോൾ കൂട്ടുകാരി വഴി അറിഞ്ഞു.വീട്ടുകാർ പഴയ പല്ലവിയിലേക്കു തിരിഞ്ഞിരിക്കുന്നു.വിവാഹം.എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.അത്ര വല്യ ബാധ്യതയായി ഒരു പാവം പെൺകുട്ടിയെ കണക്കാക്കിയതോർത്തു എനിക്ക് ആരോടൊക്കെയോ വെറുപ്പ് തോന്നി..എങ്കിലും ഒന്നും ചെയ്യാൻ കഴിയാതെ ഞാൻ മരവിച്ചു നിന്നു.പതിയെ അവളെ മറക്കാൻ തുടങ്ങി.ഞാനവളെയല്ലേ സ്നേഹിച്ചത്,അവളെന്നെ അല്ലല്ലോ..എന്ന് കരുതി ആശ്വസിച്ചു. ഒരുനാൾ കോളേജിൽ എന്നെ തേടി ഒരു കത്ത് വന്നു. അഭിയുടെ കയ്യക്ഷരം.
"സർ,
          ആരോടും ഒന്നും പറയാനില്ല.എങ്കിലും എന്റെ മനഃസാക്ഷിയിയെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ കത്ത്.വിലകുറഞ്ഞ ഒരു കടലാസ്സു പോലും മോഹിക്കുവാനുള്ള അവകാശമില്ലെന്നറിഞ്ഞിട്ടും പലതും ഞാൻ മോഹിച്ചു പോയ്.എന്റെ തെറ്റാണ്.അത് തിരിച്ചറിഞ്ഞത് കൊണ്ടോ എന്തോ, ഇനി ആരെയും വേദനിപ്പിക്കാൻ എനിക്ക് വയ്യ.എന്റെ വാശികൾ മാത്രം ജയിച്ചാൽ പിന്നെ ജീവിതത്തിനു ഒരർത്ഥവും ഉണ്ടാവില്ലല്ലോ. പഠനം നിർത്തേണ്ടി വന്നതിൽ വിഷമം തോന്നുന്നുമില്ല.ആർക്കും ബാധ്യതയാവാൻ ഞാൻ ഇല്ല.കോളേജ് വരാന്തകളിൽ എന്നെ പിന്തുടരുമെന്നു മോഹിച്ചതിൽ, എനിക്ക് പഠിക്കുവാൻ തന്ന പുസ്തകങ്ങളിൽ ഒരു തുണ്ടു കടലാസു കാണുമെന്നു ആർത്തിയോടെ നോക്കിയതിൽ..എല്ലാം എല്ലാം ഞാൻ മാപ്പു ചോദിക്കുന്നു..sorry "
                                                                                            -അഭിരാമി.
ഞാനാകെ വിയർത്തു നിന്നു.എന്നിലെ അധ്യാപകനെ ഞാൻ വെറുത്തു.ഒന്ന് വിളിക്കാൻ പോലും തോന്നാതിരുന്നതിൽ എനിക്ക് എന്നോട് തന്നെ പുച്ച്ചം തോന്നി.പിന്നെ വൈകിയില്ല.റൂമിലെത്തിയ ഉടനെ രാത്രി ഒരു 7.30 ആയപ്പോൾ തന്നെ ഞാനവളെ വിളിച്ചു.പെട്ടന്ന് തന്നെ അവൾ ഫോൺ അറ്റൻഡ് ചെയ്തു.ഞാനങ്ങോട്ടു നിർത്താതെ പറഞ്ഞു തുടങ്ങി.
           "അഭീ..സോറി..നീ എന്ത് കരുതും എന്ന് കരുതിയാണു ഞാനിതുവരെ ഒന്നും പറയാതിരുന്നത്.പെട്ടന്ന് നീ വരാതെയാവും എന്ന് ഞാൻ ഓർത്തില്ല.i miss you ..& love you so much "
          മറുവശത്തു ഒരു തേങ്ങൽ മാത്രം.
                            "സർ.."
വേദന കടിച്ചമർത്തുന്നപോലെ .
             "അഭീ..അഭീ.." മറുപടി വന്നില്ല.
അപകടം മണത്ത ഞാൻ  ശരത് സാറിനെ വിളിച്ചു ഒറ്റശ്വാസത്തിൽ കാര്യങ്ങൾ പറഞ്ഞു.
             -------------------------------------------------------------------------------------------
                    "എന്നിട്ട്? ഒന്ന് വേഗം പറ."
"നീ ഒന്ന് ക്ഷമിക്കു ഫൈസലേ ,ഞാൻ അൽപ്പം വെള്ളം കുടിക്കട്ടെ." ഫൈസലടക്കം കാറിലിരുന്ന എല്ലാവർക്കും മുൻപൊന്നും ഇല്ലാത്ത ആകാംക്ഷ.ഞാൻ തുടർന്നു.
       ദൈവത്തിന്റെ കരങ്ങൾ ശരത് സാറിന്റെ രൂപത്തിൽ അഭിരാമിയുടെ വീട്ടിലെത്തി.അറുത്തുമുറിച്ച കൈകളുമായി തളർന്നു കിടക്കുന്ന അഭിയെ ഹോസ്പിറ്റലിൽ എത്തിച്ചു.അധികം വൈകാതെ തന്നെ അവൾക്കു ജീവൻ തിരിച്ചു കിട്ടി. അതേ കൈകളിൽ ഒരു പൊൻമോതിരമണിഞ്ഞു എന്റേതെന്ന അവകാശത്തിൽ ഞാനവളെ കോളേജിൽ തിരികെ കൊണ്ട് വന്നു.പിന്നീടവൾക്കു വരാന്തയിൽ തിരിഞ്ഞു നോക്കേണ്ടി വന്നതില്ല.ഞാൻ ഒപ്പം ഉണ്ടായിരുന്നു.
              "എന്നിട്ട്?"
ഫൈസലിന് വീണ്ടും ആകാംക്ഷ.
"എന്നിട്ടെന്ത്, ഒരു വർഷം കഴിഞ്ഞു ഇപ്പോൾ ഇവനിവളെ കെട്ടാൻ പോവുന്നു.ഇപ്പൊ മണാശ്ശേരി എത്തി.ഇനി 3km കൂടെ.വീട്ടുകാരും കുടുംബക്കാരും പുറകെ വരുന്നു." ഇനി നിനക്കെന്താ അറിയേണ്ടത്? വരുൺ പറഞ്ഞു.
ഫൈസൽ ചിരിച്ചു.
"ഞാനൊന്ന് ദുബായ് പോയ് വന്നപ്പോളേക്കും എന്തെല്ലാ സംഭവിച്ചത്,എന്നോർത്ത് പോയതാ..ഏതായാലും,നിന്റെ rank holder student come wife നെ കാണാൻ ഞങ്ങൾക്കും കൊതിയായ് .long story ആയതുകൊണ്ട് തലശ്ശേരിയിൽ നിന്ന് മുക്കം എത്തിയത് അറിഞ്ഞില്ല."
പൂക്കളാൽ അലങ്കരിച്ച കാറിൽ ഫൈസൽ ഒരു ഗാനം play ചെയ്തു.
           "നിൻ പൂവിരലിൽ പൊൻമോതിരമായി മെയ്യോടു ചേർന്നു ഞാൻ നിന്നു..
                 ഏതോ പുണ്യം മംഗല്യവുമായ് സ്വയംവര പന്തലിൽ വന്നൂ .."

No comments:

Post a Comment