InOrmma

Saturday, 5 November 2016

രാത്രി..

പേടിയോടെയാണ് ഓരോ രാത്രികളും എന്നെ തേടി വരുന്നത്.കാരണം,ഒരു കണ്ണുനീരിന്റെ നനവോടെ മാത്രമേ അവർക്കു തിരികെ പോകുവാൻ കഴിയുമായിരുന്നുള്ളൂ.എന്റെ മനസ്സിൽ വസന്തം വരുന്നതും കാത്തു എത്രയെത്ര രാത്രികൾ എന്നെ കടന്നു പോയെന്നോ.ചിലപ്പോൾ എന്റെ മാനസ്സാവാടിയിലെ പൂമൊട്ട് കണ്ടു അവ ആനന്ദ നൃത്തമാടും.വിടർന്ന പൂവിനായ് അടുത്ത രാത്രി കടന്നു വരുമ്പോൾ വാടി  കരിഞ്ഞു പോയ പൂമൊട്ട് ഞാൻ കണ്ണുനീരിനാൽ നനക്കുന്നത് കണ്ടു അവർ വേദനയോടെ തിരിച്ചു പോവും.മടുത്തത് കൊണ്ടാവാം, എന്റെ വേദനകളെ എന്നും പുതപ്പണിയിച്ച രാത്രികൾ പിന്നീട് വരാതെയായി.
               പിന്നീടൊരുനാൾ വീണ്ടുമൊരു പൂമൊട്ട്.ചുവന്ന
റോസാ പുഷ്പ്പത്തിന്റെ മൊട്ടു കണ്ടു ഞാൻ ആഹ്ലാദിച്ചു.വെള്ളവും വളവും നൽകിയിട്ടും എല്ലാം ഒടുവിൽ കരിഞ്ഞു പോവുകയാണ് പതിവ്.ഇതും അതുപോലെ ആവും. ഞാൻ അതിന്റെ വളർച്ചയെ തിരിഞ്ഞു നോക്കിയതില്ല.പക്ഷെ,വരില്ലെന്ന് കരുതിയ രാത്രികൾ എന്നരികിലേക്കിന്നലെ തിരികെ വന്നു."അല്ലയോ രാത്രി, കണ്ണുനീർ കൊണ്ട് മാത്രമേ നിന്നെ വരവേൽക്കാൻ കഴിയു എന്നറിഞ്ഞിട്ടും എന്തിനു നീ തിരികെ വന്നു?"
"എവിടെ നിന്റെ കണ്ണുനീർ?".. ആ മറുചോദ്യത്തിന്നു മുന്നിൽ പകച്ചു നിൽക്കെ,ഞാൻ കണ്ടു.ആ പുഷ്പ്പം വിടർന്നിരിക്കുന്നു.അതെന്നെ നോക്കി പുഞ്ചിരിച്ചു.എനിക്ക് കരയുവാൻ കഴിഞ്ഞതില്ല. ഞാൻ പുഞ്ചിരിച്ചു.പിന്നെ ആർത്തട്ടഹസിച്ചു.ഇനിയെന്റെ വാടിയിൽ പൂമ്പാറ്റകൾ വരും,പൂക്കൾ വിടരും.രാത്രിയെനിക്ക് താരാട്ടു പാടി. നക്ഷത്രങ്ങൾ എനിക്ക് ആശംസകൾ നേർന്നു.സ്വപ്‌നങ്ങൾ കൊണ്ട് ഞാൻ കൊട്ടാരം തീർത്തു.
                            തിരികെ പോകുവാൻ കഴിയാതെ രാത്രി എന്നരികിൽ മടിച്ചു നിൽക്കുന്നത് കണ്ടു ഞാൻ പറഞ്ഞു, "ധൈര്യമായി പൊയ്ക്കോളൂ,ഞാനിനി കരയില്ല.നമുക്ക് വീണ്ടും കണ്ടു മുട്ടാം.ഇപ്പോൾ നീ വെളിച്ചത്തിനു വഴി നൽകൂ."
അപ്പോൾ, അത്യധികം വിഷാദത്തോടെ മറുപടി വന്നു,"ഇനി ഒരിക്കലും വെളിച്ചം നിന്നെ തേടി വരില്ല."
ഒരു ഞെട്ടലിനൊടുവിൽ ഞാൻ മനസ്സിലാക്കി, രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ആ പൂവും കരിഞ്ഞു പോയിരുന്നു.വീണ്ടുമൊരു പരീക്ഷണത്തിന് വിധേയയാക്കാതെ ആ രാത്രി തന്നെ എന്നെ മരണത്തിലേക്ക് നയിക്കുകയായിരുന്നു എന്ന്. ഒന്നും അറിഞ്ഞില്ല..ഞാനങ്ങു ഉറങ്ങി പോയ്.

No comments:

Post a Comment