InOrmma

Monday 2 May 2016

നൊസ്റ്റാൾജിയ

                                                      എന്റെ നാട് .. എനിക്കെന്റെ നാടിനോട് തോന്നിയിട്ടുള്ള അത്രയും പ്രണയം മറ്റൊന്നിനോടും തോന്നിയിട്ടില്ല. പഴയ കഥകളിലും ചിത്രങ്ങളിലുമെല്ലാം കണ്ടുമറന്ന പോലുള്ള ഒരു കൊച്ചു ഗ്രാമം. നെന്മണി.പേരിനു പിന്നിലുള്ള ചരിത്രമൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ലാത്തതു കാരണം എനിക്കൊട്ടു അറിയാനും പാടില്ല. പക്ഷെ, എനിക്കറിയാം എന്റെ നാടിനെ.
                                     
ഈ അടുത്ത കാലത്ത് വായിച്ച വാട്സാപ്പ് മെസ്സേജ് പോലെ, നാരങ്ങാമിട്ടായിയിൽ നിന്നും dairymilk ലേക്കും ,തപാൽ സന്ദേശത്തിൽനിന്നും whatsapp ലേക്കും, ഓലപ്പുരയിൽ നിന്നും ടെറസ്സിലേക്കും ,മുണ്ടിൽ നിന്നും സാരിയിലേക്കും പിന്നെ ചുരിദാറിലേക്കും ,മലയാളമീഡിയത്തിൽ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്കും അങ്ങനെയങ്ങനെ മറ്റുള്ളവർക്കൊപ്പം
നെന്മണിയും മാറിവരികയായിരുന്നു .നാടും ഒപ്പം നാട്ടുകാരും.                                                                                                                                                                                     ഒന്ന് : കുട്ടിക്കാലത്തെ നെന്മണി യാത്രകൾ 


ആയുർവേദ ഡിസ്പെൻസറിക്ക് വലതു വശത്തായ് പല നിറത്തിലും വലുപ്പത്തിലുമുള്ള മാമ്പഴങ്ങൾ തൂങ്ങിയാടുന്ന ഒരു മാവിന്തോട്ടമുണ്ട് .നെന്മണിഗ്രാമം എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്ന ചിത്രം ആ മാവിൻ തോട്ടം തന്നെയായിരുന്നു. ആരുടേതാണെന്ന് കൃത്യമായിട്ട്‌ ആർക്കും അറീല്ല.ആർക്കും കൈഎത്തി പറിക്കാം.ഒരു പരാധിയുമില്ല.മാമ്പഴക്കാലത്തെ അവധിക്കാലത്ത്‌ ഞങ്ങൾ പിള്ളേരെല്ലാം കൂടെ ഒരു പോക്കുണ്ട്,പല പ്രായത്തിലുമുള്ള ഒരു പത്തിരുപത്തഞ്ചു കുട്ടികളെങ്കിലും ഉണ്ടാവും "മാങ്ങ പറിക്കാൻ". ഓരോ വീട്ടിൽ നിന്നും അമ്മമാരുടെ നിലവിളി കേൾക്കാം,"എടാ ചെക്കാ..ആ തോട്ടിലെങ്ങാനും പോയ് കയ്യോ കാലോ പൊട്ടിച്ചാലുണ്ടല്ലോ ,പിന്നെയീ പെരേൽ കേറ്റൂല്ല..പറഞ്ഞേക്കാം.." ,"എടി പെണ്ണേ,മാങ്ങാതിന്നു കയ്യിം കാലും കോടുന്നെന്നും പറഞ്ഞു വന്നേക്കരുത്".ഇതൊക്കെ ആര് കേൾക്കാൻ.എന്നാൽ കേൾക്കുന്ന ഒരു കാര്യമുണ്ട്.കുഞ്ഞിരാമൻ.ഭ്രാന്തൻ കുഞ്ഞിരാമൻ.ഡിസ്പെൻസറിക്കടുത്ത് ഒരു ഷെഡ്‌ കെട്ടി താമസിക്കുന്ന കുഞ്ഞിരാമൻ ,ആളുകളെ കല്ലെടുത്തെറിയും,കുട്ടികൾടെ കണ്ണ് കുത്തിപ്പൊട്ടിക്കും എന്നൊക്കെ ആ നാട്ടിലെ സകല അമ്മമാരും പറയുന്ന കഥയാണ്‌.ആദ്യമൊന്നും വിശ്വാസമില്ലായിരുന്നു.പിന്നെ പിന്നെ ഓരോരുത്തരായ് കാണാൻ തുടങ്ങി.കണ്ണ് കുത്തി പൊട്ടിച്ചില്ലേലും കല്ലെടുത്തെറിയും എന്ന് ബോധ്യമായ്.മദ്രസയിൽ പോവുന്ന വഴി കുഞ്ഞിരാമനെ കണ്ടു ബോധംകെട്ട നജീബ് ഞങ്ങൾ കുട്ടികൾക്കിടയിലെ ജീവിക്കുന്ന രക്തസാക്ഷിയായ്. ഒരിക്കൽ മാങ്ങ പറിക്കാൻ പോയപ്പോൾ അതാ നില്ക്കുന്നു,താടിയും മുടിയും നീട്ടി വളർത്തിയ കുഞ്ഞിരാമൻ.എല്ലാവരും നാലുപാടും ഓടാൻ തുടങ്ങി. എന്നാൽ ഒരു വിരുതൻ ,ഞങ്ങൾടെ നന്ദു.പീക്കിരി ചെക്കനതാ ഞാൻ നോക്കുമ്പോൾ കുഞ്ഞിരാമനെ അച്ചാരം പുച്ചാരം കല്ലെറിയുന്നു. കുഞ്ഞിരാമൻ ഓടി വീട്ടിൽ കയറി. തന്നെ കൊത്താൻ വന്ന കോഴിയെ തോട്ടിൽ മുക്കി ശ്വാസം മുട്ടിച്ചു കൊന്ന കക്ഷിയാണ് ഈ പീക്കിരി.ഏതായലും അതോടെ നന്ദു ഞങ്ങളുടെ നേതാവായ്.പിള്ളേരു തിരിച്ചു കല്ലെറിയാൻ തുടങ്ങിയതോടെ അമ്മമാർക്ക് പറയാൻ കഥയില്ലാതായ്.
                                                                    മാങ്ങ മാത്രമല്ല..നല്ല പഴുത്ത വാളൻപുളിയും ഞങ്ങൾക്ക് വീക്ക്നെസ്സ് ആയി. അതിനായ് കൊയിലോട്ടു പാറ കയറി പുളി പറിക്കും.പണ്ടേതോ പറയൻ തൂങ്ങിമരിച്ച പുളിമരമാണെന്ന് കഥ വന്നിരുന്നു.പക്ഷെ, നന്ദുട്ടൻ ഉണ്ടല്ലോ കൂടെ.അങ്ങനെ പഞ്ചാര മാങ്ങയും ചക്കരപ്പുളിയും ,പൊട്ടിങ്ങയും അതുപോലുള്ള അല്ലറ ചില്ലറ ഐറ്റംസും ശേഖരിച്ചു ഞങ്ങൾ നെന്മണിയിലൂടെ വളർന്നു.

                                                                                                                    രണ്ട് : ആത്മവിദ്യാലയം.                                   
               നെന്മണിയിൽ ഒരു യു പി സ്കൂളും ,ഒരു ഹൈസ്കൂളും ഉണ്ട് .സ്കൂളിന്റെ പടിക്കെട്ട് കണ്ടിട്ടില്ലാത്ത ജാനുത്തള്ള വരെ പറയും, "അപ്പറോം ഇപ്പറോം ഉള്ള എല്ലാ കുട്ട്യോളും നമ്മളെ ഹൈസ്കൂളിൽ വന്നാണ് പഠിച്ചീനത് .." സൈനുത്താ പറയും വേറെ നാട്ടിലൊന്നും സ്കൂളില്ലാ എന്ന്.പക്ഷെ,എന്റെ നാടിനെ ഇത്രമേൽ സ്നേഹിച്ച ഞാൻ മാത്രം ആ ഹൈസ്കൂളിൽ പഠിച്ചിട്ടില്ല.ഞാനുണ്ടായപ്പോഴേക്കും നിറയെ സ്കൂളുകളായിരുന്നു .ദൂരെ പോവേണ്ടി വന്നതിന്റെ പിന്നിലെ ചേതോവികാരം ഇപ്പോളും എനിക്കറിയില്ല. പക്ഷെ യു പി സ്കൂൾ ഞാനെന്റെ നെന്മണി എ യു പി യിൽ തന്നെയാണ് പഠിച്ചത്. മാങ്ങ പറിക്കാൻ പോവുന്ന അതേ രീതിയിലാണ് ഞങ്ങൾ സ്കൂളിലും പോയിരുന്നത്.ഒരു ജാഥക്ക് ആളുണ്ടാവും എപ്പോളും. സ്കൂളിൽ പോവുന്ന വഴിയിലുമുണ്ട് ഒരു മാവ്. മാർപ്പാപ്പയുടെ മാവ്. വെളുത്ത് ചുവന്നു മധ്യവയസ്കനായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് മാർപ്പാപ്പ. (യഥാർത്ഥ പേര് ഓർക്കുന്നില്ല ).അങ്ങേരുടെ വീടിനു മുന്നിൽ റോഡ്‌ അരികിൽ ചേർന്ന് നില്ക്കുന്ന നല്ല അസ്സല് ചേലൻ മാവിൽ നിന്നും ആർക്കും കൈ എത്തിപ്പറിക്കാവുന്ന ഉയരത്തിൽ മാങ്ങകളുണ്ട്.ഒരിക്കൽ മാങ്ങ പറിക്കാൻ കൈ പൊക്കിയതും ദേ വരുന്നു അങ്ങേരു ചൂരലുമായ്.(നന്ദു കൂടെയില്ലായിരുന്നു)ആളെ കണ്ടപ്പോൾ റംസീനയാണ് ഉറക്കെ പറഞ്ഞത്, "മാർപ്പാപ്പ വരുന്നു ഓടിക്കോ.." അങ്ങനെയാണ് ആ പേരു വന്നത്. പിന്നീടെന്നും ആ മാങ്ങകൾ ഞങ്ങളെ നോക്കിച്ചിരിക്കും.ഞങ്ങൾ തിരിഞ്ഞു നോക്കാതെ ഓടും.അങ്ങനെയിരിക്കെ,ഒരിക്കൽ ആ മാവിന്റെ പുറത്ത് മഞ്ഞ നിറത്തിലുള്ള സമചതുരത്തിൽ 11 എന്ന അക്കം കണ്ടു. വൈശാഖ് ആണ് പറഞ്ഞത്,അത് സർക്കാരിന്റെ പതിനൊന്നാമത്തെ മാവാണ്.ഇനി ആർക്കു വേണേലും മാങ്ങ പറിക്കാമെന്ന്.അങ്ങനെ ഞങ്ങൾ വീണ്ടും കൈ ഉയർത്തിയതും വീണ്ടും മാർപ്പാപ്പ.പക്ഷെ,രണ്ടു കൈകളിലും മാങ്ങ ഉയർത്തി പിടിച്ചു ശരൺജിത്ത് ഉറക്കെ പറഞ്ഞു,"പോടാ മാർപ്പാപ്പെ ഇത് സർക്കരിന്റെതാണ് ".അതോടെ നന്ദുവിനൊപ്പം ശരൺജിത്തും ഞങ്ങളടെ ഹീറോ ആയി. പക്ഷെ കുഞ്ഞിരാമനെ പോലെ മാർപ്പാപ്പ അടങ്ങിയില്ല.പിറ്റേന്ന് സ്കൂളിൽ ഒരു പരാധിവന്നു.പിന്നെ ഉപദേശമായ് വഴക്കായ്, അടിയായ്. ഞങ്ങൾ പെൺകുട്ടികൾ അപ്പോഴും മാന്യന്മാർ.(പിന്നീട് ഇതേ മാർപ്പാപ്പയാണ് പ്ലസ്‌ ടു കഴിഞ്ഞപ്പോൾ ശരൺജിത്ത്ന് എസ് എൻ ജി കോളേജിൽ സീറ്റ്‌ വാങ്ങി കൊടുത്തത്.)
              ഇത്തരം ചില കുരുത്തക്കേടുകൾ മാറ്റി നിർത്തിയാൽ നെന്മണിയിലെ കുട്ടികൾ സ്കൂളിൽ പുലിക്കുട്ടികളായിരുന്നു.ബഷീർ ദിനത്തിൽ ഞങ്ങൾ അവതരിപ്പിച്ച "പാത്തുമ്മയുടെ ആട് " എന്ന നാടകം സബ്ജില്ല കലോത്സവത്തിന് മത്സര ഇനമായ് തിരഞ്ഞെടുത്തു.വൈശാഖിന്റെ ബഷീർ ശരിക്കും പൊളിച്ചു.സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ വേണ്ടി, ഒറിജിനാലിറ്റിക്ക് വേണ്ടി ഞങ്ങൾ ഒറിജിനൽ ആടിനെ തന്നെ കൊണ്ടുവന്നു.ആ ആട് പാത്തുമ്മയായ അശ്വതിയേയും കൊണ്ട് സ്റ്റേജിനു ചുറ്റും ഓടിയില്ലായിരുന്നേൽ സത്യമായും ഞങ്ങൾക്ക് ഒന്നാം സ്ഥാനം കിട്ട്യേനെ. അടുത്ത തവണ കാണാമെന്നും പറഞ്ഞു സ്റ്റേജ് ൽ നിന്നിറങ്ങിയ വൈശാഖ് തൊട്ടടുത്ത കൊല്ലം "അമ്പിളി ഭൂതം " എന്ന നാടകത്തിനു ഒന്നാം സ്ഥാനം നേടി.അമ്പിളിയായ് അഭിനയിച്ച ജ്യോതിക്ക് മികച്ച നടിയായ് സമ്മാനവും കിട്ടി. 

                                       ഓടുമേഞ്ഞ ഞങ്ങളുടെ സ്കൂളിലാണ് ക്ലാസ്സുകൾ തമ്മിൽ മറക്കുന്ന "സ്ക്രീൻ" ആദ്യം വന്നതെന്ന് പറയുന്നു.സത്യമാണോ എന്ന് അറിയില്ല.ഇതൊന്നും ഞാൻ പഠിച്ച സമയത്തെ കഥയല്ല. ഞങ്ങൾ യുപി യിൽ ചേർന്നപ്പോഴേക്കും ധാരാളം ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നിലവിൽ വന്നിട്ടുണ്ട്.പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇംഗ്ലീഷിൽ മാർക്ക് കുറയുമ്പോൾ റിബിൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്,"എന്റെ കൂടെ പഠിക്കുന്നവരൊക്കെ ഇംഗ്ലീഷ് മീഡിയം കഴിഞ്ഞു വന്നതാ..എന്നേം അങ്ങനെ ചേർത്തായിരുന്നല്ലൊ?".ആ ഡയലോഗ് അങ്ങ് ക്ലിക്ക് ആയ് .ഇപ്പോൾ നെന്മണി സ്കൂളിൽ കുട്ടികൾ കുറഞ്ഞു.ഇംഗ്ലീഷ് മീഡിയത്തിനു  ആളും കൂടി,സ്കൂൾ ബസും വന്നു. ഞങ്ങൾ പൊട്ടക്കിണറിലേ തവളകളായത്‌ കൊണ്ട് വളരെ വൈകിയാണ് ആ വിവരമൊക്കെ അറിഞ്ഞത്. പിന്നീട് പുറത്തു പോയ് പഠിക്കാനോക്കെ തുടങ്ങിയപ്പോഴും മറ്റു കുട്ടികളുമായ് ഇടപഴകിയപ്പോഴുമോക്കെയാണ് ഞങ്ങൾ എത്ര ബോറന്മാരായിരുന്നു എന്ന് മനസ്സിലാവുന്നത്.ചുരുങ്ങിയത് ഒരു 3 വർഷം ആയിട്ടെ ഉള്ളു ഞങ്ങൾ പട്ടണവും മാളുകളുമൊക്കെ കണ്ടു തുടങ്ങിയിട്ട്.ഞങ്ങളുടെ തലമുറയുടെ ഏറ്റവും വലിയ പ്രത്യേകതയും അതാണ്‌.എല്ലാം ഒരുപോലെ ആസ്വദിച്ചു.ഇപ്പോൾ ഞങ്ങൾ,പഴയ "മാങ്ങപറി" ടീംസ് ആണ് ഞങ്ങളുടെ അനിയന്മാരെയും അനിയത്തിമാരെയുമൊക്കെ ന്യൂ ജെനറേഷൻ പിള്ളേരാക്കിയത്. അവരൊക്കെ ഇപ്പോൾ ഫോക്കസ് മാളിൽ നിന്നേ ഡ്രസ്സ്‌ മേടിക്കൂ എന്ന അവസ്ഥയാണ്.

                                                                                                          മൂന്ന്: ചില നെന്മണി കഥാപാത്രങ്ങൾ 


                                    നെന്മണിയിലെ ഓരോ മനുഷ്യനും  വ്യത്യസ്ത സ്വഭാവ ഗണത്തിൽ പെട്ടവരാണെങ്കിലും എന്തോ ഒരു സാമ്യത എല്ലാവർക്കുമിടയിലുണ്ട് .എല്ലാ മാറ്റങ്ങളും കടന്നുപോയ തലമുറ ആയതുകൊണ്ട് ഞങ്ങളുടെ ഈ "മാങ്ങാ പറി "ടീം ആണ് എല്ലാവരെയും നിരീക്ഷിച്ച് സ്വഭാവ സർട്ടിഫിക്കറ്റ് തയാറാക്കുന്നത്. നാട്ടിലെ സംഭവിച്ചതും സംഭവിക്കാത്തതുമായ സകല പരദൂഷണങ്ങളുടെയും ഉറവിടം സ്ത്രീകൾ ആയിരിക്കുമല്ലോ.നെന്മണിയിലെ പരദൂഷണ കമ്മിറ്റിയുടെ പ്രസിഡണ്ടാണ് സീതാദേവി എന്ന ദേവിയേട്ടത്തി.നെന്മണിയിലെ സകലമാന സംഭവങ്ങളും എരുവും
പുളിയും ചേർത്ത് ,കളർ ആയും ബ്ലാക്ക്‌ &വൈറ്റ് ആയും ഫോടോസ്ടറ്റ് എടുത്തു കൊടുക്കുന്ന ദേവ്യെടത്തിക്ക് ഫോടോസ്ടറ്റ് മെഷീൻ എന്നാണു പേര്.ഒരു പച്ചക്കറിക്കട നടത്തുകയാണ് പുള്ളിക്കാരി.അതുകൊണ്ട് കടയിൽ പോകുന്നവരെ കോപ്പി എടുക്കാൻ പോകുന്നവർ എന്നാണു ഞങ്ങൾ ന്യൂ ജനറേഷൻസ്  വിളിക്കുന്നത്. ദേവി ഏട്ടത്തി എടുക്കുന്ന ഓരോ കോപ്പിയും നാടിന്റെ നാനാ ഭാഗത്തും എത്തിക്കുന്നത് ആയമ്മയുടെ അസിസ്റ്റന്റ്‌ കുട്ടു ആണ്. ഇവർക്ക് രണ്ടുപേർക്കും പരദൂഷണ കാര്യത്തിൽ ഡിസ്റ്റിങ്ങ്ഷൻ ഉണ്ട്.ബാക്കിയെല്ലാവർക്കും അറ്റ്‌ലീസ്റ്റ് ഒരു ഫസ്റ്റ് ക്ലാസ്സ്‌ എങ്കിലും കാണും.
                                   മദ്യത്തിന്റെയും കുടിയുടെയും കാര്യത്തിൽ നെന്മണിക്കാരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല.രണ്ടു കുപ്പി അകത്തായാൽ പിന്നെ പലരൂപത്തിലും ഭാവത്തിലുമാണ് നെന്മണിക്കാർ പ്രത്യക്ഷപ്പെടുന്നത്.പാമ്പ്‌ സുധി,പട്ടമധു ഇവരെല്ലാം അവരിൽ ചിലര് മാത്രം.അക്കൂട്ടത്തിലോരാളാണ് ശ്രീമാൻ ഹാഷിം നായർ .നെന്മണിയിൽ ആദ്യമായ് മദ്യപാനം ആരംഭിച്ച മുസ്ലിമാണ് ഹാഷിം.മദ്യം നായന്മാരും മറ്റു മതക്കാരും മാത്രമാണ് ഉപയോഗിക്കുന്നത് എന്ന ചിന്താഗതിയിൽ നാട്ടിലെ ചില മുതിർന്ന മുസ്ലിം സ്ത്രീകൾ നല്കിയ പേരാണ് ഹാഷിം നായർ. ഇത് കേട്ടതു കൊണ്ടൊന്നും പുള്ളിക്കാരൻ അടങ്ങിയില്ല.വിജയകരമായ് പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു. എല്ലാ കുടിയൻസിന്റെയും ഭാര്യമാർ പാവങ്ങളാണ്. ഒരാളൊഴികെ.കൊടുവാൾ ശാന്ത. ഗോപാലൻ ചേട്ടന്റെ എന്തിനും പോന്ന ഭാര്യ. തന്നെ കുറിച്ചോ തന്റെ മക്കളെ കുറിച്ചോ നിസാരമായ എന്തു കുറ്റം കേട്ടാലും അപ്പൊ എടുക്കും ശാന്ത കൊടുവാൾ. പിന്നെ നെന്മണി മൊത്തം കേൾക്കാവുന്ന അത്രയും ശബ്ദത്തിൽ പൂരത്തെറിയാണ് .ശാന്തയുടെ കൊടുവാളും തെറിയും പേടിച്ചു നാട്ടുകാരാരും ഒരക്ഷരം മിണ്ടില്ല.പകരം എല്ലാം കേട്ട് ചിരിച്ചും സഹിച്ചും അങ്ങനെ നില്ക്കും. അതുകൊണ്ട് ക്രിക്കറ്റ്‌ കളിയിൽ അവസാനം വരെ ഔട്ട്‌ ആകാതെ ഒരാൾ എന്നുമുണ്ടാവും.ശാന്തയുടെ മകൻ..അനന്തു .
                                                                                                                                                                                                                                                                                                  നാല്: സൗപർണിക 


ഞങ്ങളുടെ നാട്ടിൽ അങ്ങനെ ഒരു കലാസാംസ്കാരിക വേദി ആരംഭിച്ചു."സൗപർണിക ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്‌".ഓലമേഞ്ഞ ഒരു കുഞ്ഞു ക്ലബ്‌ പിന്നീട് ടെറസ്സ് ഒക്കെയിട്ട് അടിപൊളിയാക്കി.അതോടെ സകല പീക്കിരികൾക്കും കയറി ഇരിക്കാനും ,പത്രം വായിക്കാനും,ക്യാരംസ് കളിക്കാനും ഒരിടമായ് എന്ന് മാത്രമല്ല,സൗപർണിക കലാപരിപാടികളൊക്കെ സംഘടിപ്പിച്ചു തുടങ്ങി.പിന്നെ നെന്മണിയിലുള്ള സകലമാന സ്ത്രീജനങ്ങളും തിരുവാതിരയുടെയും  ഒപ്പനയുടെയും പുറകെ പോവാൻ തുടങ്ങി. നാടകവും സിനിമാറ്റിക് ഡാൻസുമായ് പരിപാടി ഗംഭീരമായില്ലേലും അനൗൺസ്മെന്റ് ഗംഭീരമാവും. അതിനൊരു ഉദാഹരണം ആണ് കലാമണ്ഡലം  അഭിജിത്ത് .സൗപർണികയുടെ ഒരു വാർഷികാഘോഷം.നഴ്സറി പിള്ളേരുടെ പരിപാടി ബോറടിച്ചപ്പോൾ ഞങ്ങൾ നെന്മണിയിലൂടെ ഐസ്ക്രീമും കഴിച്ചു ബഡായ് പറഞ്ഞു നടക്കുകയായിരുന്നു. അപ്പോൾ അതാ കിടിലൻ അനൗൺസ്മെന്റ് ."പ്രിയമുള്ളവരേ,വേദിയെ ഇളക്കി മറിക്കുന്ന മാസ്മരിക പ്രകടനവുമായ്‌ അഭിജിത്ത്,ഒരു തമിൾ ടപ്പാം കൂത്തുമായ്  നിങ്ങൾക്ക് മുന്നിൽ എത്തുന്നു.കഴിഞ്ഞ 4 വർഷമായ് അഭിജിത്ത് ഈ മേഖലയിൽ തുടരുന്നു. ഈ ആഘോഷരാവിലെ ഇടിവെട്ട് പെർഫോർമൻസ് എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. അടിച്ചു പൊളിക്കാം അഭിജിത്തിനോപ്പം നമുക്കോരോരുത്തർക്കും. സ്വാഗതം ചെയ്യുന്നു നെന്മണിയുടെ പൊന്നോമന പുത്രൻ അഭിജിത്ത് ...." ഇടിവെട്ട് ശബ്ദത്തോടെ പാട്ട് മുഴങ്ങി "...നാൻ അടിച്ചാൽ താങ്ങമാട്ടെ...". നല്ലൊരു പെർഫോർമൻസ് കാണാനുള്ള ആഗ്രഹത്തിന്റെ പുറത്ത് ഞങ്ങൾ കൈയ്യിലുള്ള ചോക്കോബാറെല്ലാം വലിച്ചെറിഞ്ഞ് വേദിയിലേക്കോടി. പിന്നെ കണ്ടത് ,ദൈവമേ.."നാല് വർഷത്തെ പാരമ്പര്യമുള്ള എന്റെ പൊന്നഭിജിത്തെ ,പരിപാടി കാണാൻ വന്നിരിക്കുന്ന ഞങ്ങളുടെ മുഖത്തു നോക്കാനുള്ള ധൈര്യം പോലും നിനക്കില്ലാതെ പോയല്ലോ.."വൈശാഖിനു ശരിക്കും കരച്ചിൽ വന്നു."ഇത് മാങ്ങ പറി ചളി കുത്ത് ആയിപോയല്ലോ..സ്റ്റെപ്പൊന്നു മാറ്റിപ്പിടി " "മുദ്ര ശ്രദ്ധിക്കണമെടാ മുദ്ര "...അങ്ങനെ കമന്റ്സ് കൂടി. ഏതായാലും ഈ അടുത്ത കാലത്തൊന്നും ഇത്രേം കൂവൽ കേട്ടിട്ടില്ല. അത്രയ്ക്ക് ഗംഭീരം ആയിരുന്നു ആ കലാരൂപം. അന്ന് മുതലാണ്‌ അഭിജിത്തിനെ ഞങ്ങൾ കലാമണ്ഡലം അഭിജിത്ത് എന്ന് വിളിക്കാൻ തുടങ്ങിയത്.
                                              പിന്നെ കൊടുവാൾ ശാന്തയുടെ രണ്ടു പാട്ട്.അതും കരോക്കെ.ഒരാള് പോലും കൂവാതെ സഹിച്ചു നിന്നു. വടിവേലുവിന്റെ ശബ്ദമുള്ള ശാന്ത പാടുകയാണ് " ...........പൂൂൂൂമാാാാനമേഏഏ ..." ,"...വാായ് ഷാാാകാാാ സന്ദ്യേഏഏ ..."എനിക്കിതു സഹിക്കാൻ പറ്റുന്നില്ലാആാാാ " എന്റെ അടുത്തിരുന്ന് ഫാത്തിമ കരച്ചിലോടു കരച്ചിൽ. ഏതായാലും പിന്നീട്  ഓർക്കുമ്പോൾ രസമുള്ളത്  അഭിജിത്തിന്റെ ഡാൻസും ശാന്തയുടെ പാട്ടുമൊക്കെ തന്നെയാണ്.

                                                                                                                  അഞ്ച്  : ടിവിയും ചാനലുകളും

                                                പഴയ കാലം ചിത്രീകരിക്കുന്ന സിനിമകളിലേതു പോലെത്തന്നെ ആന്റിന തിരിച്ച് സിഗ്നൽ വരുത്തി ഞങ്ങളും ചാനൽ ക്ലിയർ ആക്കിയിട്ടുണ്ട്.എനിക്ക് ഓർമ്മയുള്ള കാലം തൊട്ടു എന്റെ വീട്ടിൽ ടിവിയും ആന്റിനയുമുണ്ട് .അതുകൊണ്ട് ദൂരദർശനിൽ ശക്തിമാൻ കാണാൻ എല്ലാവരും എന്റെ വീട്ടില് വരുമായിരുന്നു.
ഞായർ ദിവസത്തെ "ശക്തിമാൻ" കാണാൻ കുട്ടികൾ വരുമ്പോൾ ,ബാക്കി ദിവസങ്ങളിൽ വീട്ടമ്മമാർ "അങ്ങാടിപ്പാട്ട്"കാണുവാൻ വരുന്നത് എനിക്കോർമ്മയുണ്ട്. പിന്നീട് അനിത ചേച്ചിയുടെ വീട്ടില് ടിവിയും കേബിൾ കണക്ഷനും വന്നു. ശക്തിമാനും അങ്ങാടിപ്പാട്ടും തീർന്നു. കായംകുളം കൊച്ചുണ്ണിയും മിന്നുകെട്ടും കാണാൻ വേണ്ടി ഞങ്ങൾ രാത്രി സഞ്ചാരവും തുടങ്ങി. ഓണവും വിഷുവുമൊക്കെ ചാനലുകൾക്കൊപ്പം ഞങ്ങളും ആഘോഷിച്ചു. എങ്കിലും ഞങ്ങൾ കല്ല്‌ വെച്ചും പിന്നെ തോക്കു വെച്ചും ക്യാപ് പൊട്ടിച്ചിട്ടുണ്ട്. തിരുവാതിര രാവിൽ വേഷം കെട്ടി നടന്നു പിരിവിനിറങ്ങിയിട്ടുമുണ്ട്,കണ്ണ് കാണാതെ നട്ടപ്പാതിരാക്ക് കണ്ണൻ പോയ് കിണറ്റിൽ വീണിട്ടുമുണ്ട്.അതോടെയാണ് ആ കളി നിന്നത്. അതുപോലെ ഒരു ക്രിസ്തുമസ് രാത്രിയിൽ നമ്മുടെ ടീംസ് ഒരു വീട്ടിൽ കയറി കോപ്രായം കാണിച്ചുകൊണ്ടിരിക്കുമ്പോൾ വാതിൽ തുറന്നു ഒരു സ്ത്രീ കടന്നുവന്നു. നല്ലൊരു തുക തടയുമെന്ന പ്രതീക്ഷയിൽ കുട്ടു ബക്കറ്റ്‌ എടുത്തു അവരുടെ മുന്നില് ചെന്ന് നീട്ടി വെച്ചു."ഇപ്പൊ കിട്ടും".കിട്ടി... ആയമ്മയുടെ ഒരാട്ടിന് ഈർക്കിലു പോലിരിക്കുന്ന കുട്ടു തെറിച്ചു പോയെന്നാണ് കേട്ടത്.കാര്യമറിയാതെ വാ പൊളിച്ചു നിന്ന ടീമിനോട് ആയമ്മ,"ഇവിടെ മുൻ മുഖ്യമന്ത്രി കരുണാകരൻ മരിച്ചു കിടക്കുമ്പോൾ ആണോടാ നിന്റെയൊക്കെ പാട്ടും കൂത്തും".കുറെ നേരം അന്തം വിട്ടു നിന്ന് അവസാനം അവരിങ്ങു പോന്നു.അതോടെ ക്രിസ്മസ് സെലിബ്രഷനും നിന്നു.
                             ഇപ്പോൾ എല്ലാ വീട്ടിലും ടിവിയും കേബിൾ കണക്ഷനും സൺ ഡയറക്ടുമൊക്കെ വന്നു. വീട്ടമ്മമാർ ആഘോഷം തുടങ്ങി.ഞങ്ങൾക്ക് സീരിയലും പുത്തൻ പടങ്ങളും വെറുപ്പായ്‌ . ഇടയ്ക്ക് ബാലുശ്ശേരി സിനിമാ തിയേറ്ററു കളിലേക്കും ഞങ്ങൾ യാത്ര തുടങ്ങിയിരുന്നു.കുഞ്ഞായിരുന്നപ്പോൾ വീട്ടുകാർക്കൊപ്പം പോയിരുന്നത് അല്പ്പം മുതിർന്നപ്പോൾ ഞങ്ങൾ ഗ്രൂപ്പായ് തന്നെ പോവാൻ തുടങ്ങി. അങ്ങനെ പോയ ആദ്യ സിനിമ "ക്ലാസ്സ്‌മേറ്റ്സ് " ആയിരുന്നു. ഇപ്പോൾ ബാലുശ്ശേരി സിനിമ വരുന്നത് കാത്തിരിക്കാറെ ഇല്ല.റിലീസ് ദിവസം തന്നെ ടൌണിൽ എത്തും എല്ലാവരും.അപ്പോളും പെൺകുട്ടികളൽപ്പം പുറകോട്ടു വലിയും.ശീലമതായ് പോയ്‌.

                                                                                                               ആറ്  : മൊബൈൽ ഫോൺ


                                                       എസ്  എസ് എൽ സി റിസൾട്ട്‌ ഓൺലൈൻ ആയതോടെയാണ് നെന്മണിയിൽ ഇന്റർനെറ്റ്‌ കഫെ തുടങ്ങിയത്. അക്കാര്യത്തിലും ഞങ്ങളുടെ ധാരണ നെന്മണിയിലാണ് ആദ്യമായ് ഈ സംഭവം വന്നത് എന്നാണ്. അതിനു മുൻപേ ലാൻ ഫോണുകൾ വന്നിരുന്നു.അകലെയുള്ള വീട്ടിലേക്കു ഫോൺ വരുന്നതും നോക്കിയിരുന്നിട്ടുണ്ട്.സ്വന്തം വീട്ടിൽ വന്നപ്പോൾ മറ്റുള്ളവർക്ക് ഡയൽ ചെയ്തു കൊടുത്തിട്ടുമുണ്ട്.അതിൽ പിന്നെയാണ് മൊബൈൽ ഫോൺ വന്നത്. നെന്മണിയിലെ ആദ്യത്തെ "നോക്കിയ" എന്റെ അച്ഛനാണ് ഒന്നെന്റെ വീട്ടിലേക്കും ഒന്ന് അടുത്ത വീട്ടിലെ സുഹൃത്തിനും ഗൾഫിൽ നിന്നും കൊടുത്തയച്ചത്. കുട്ടി ചിരിക്കുന്നതും,കോഴി കൂവുന്നതുമായ ട്യൂൺസ് മറ്റുള്ളവരെ കേൾപ്പിച്ചു സ്വയം ചിരിക്കുന്നതോർത്തു ഞാൻ ഇപ്പോഴും ചിരിക്കും.അന്നത്തെ സ്വതന്ത്ര റിംഗ് ട്യൂൺ "ആറ്റിൻകരയോരത്തെ ചാറ്റൽമഴ" എന്നാ പാട്ടിന്റെ ഈണമായിരുന്നു.
                                     അതിനിടെ കമ്പ്യൂട്ടർ എത്തി.സ്കൂളിൽ ആഴ്ച്ചയിൽ ഒരു പീരീഡ്‌ മാത്രമായിരുന്നു ആ സാധനം ഒന്ന് കാണാൻ കിട്ടിയിരുന്നത്.പിന്നെ വീട്ടിലെത്തിയപ്പോഴും പെയിന്റ് ചെയ്യാനും അടർന്നു വീഴുന്ന മാമ്പഴം കുട്ടയിലോടിപ്പിടിക്കനുമായിരുന്നു താല്പര്യം. പിന്നീട് അതും ഇല്ലാണ്ടായ്. പിന്നെ എല്ലാവർക്കും "നോക്കിയ" വന്നു. പല മോഡൽ .പക്ഷെ ഇന്റർനെറ്റ്‌ എത്തിയില്ല.അതിനു മുന്പേ എസ്  എം എസ്  വന്നു. 1 രൂപ മുടക്കിയാൽ 200 sms ഫ്രീ.ഏതാണ്ട് രണ്ട് വർഷത്തോളം അതൊരു തരംഗമായ് മാറി. പിന്നെ ടച്ച്‌ ഫോണിന്റെ സംസ്ഥാന സമ്മേളനമായിരുന്നു.പിന്നീടെപ്പോഴോ മൊബൈലിൽ ഇന്റർനെറ്റ്‌ വന്നു ,വാട്ട്സപ്പ് വന്നു,ഫേസ്ബുക്ക്‌ വന്നു. നെന്മണിക്കാർക്കിടയിലും  വൈകിയാണെങ്കിലും അതും വന്നു.
                                      നെന്മണിയെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷമായ്.ഓർമ്മക്കായ് ഒരു വാട്സപ്പ് ഗ്രൂപ്പ്‌ മാത്രമാണുള്ളത്. ഇന്നവിടെ ആരുമില്ല.കുഞ്ഞിരാമൻ മരിച്ചു.സ്കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു.എല്ലാവരും തിരക്കിലാണ്.ഞങ്ങളുടെ  "മാങ്ങപറി " ടീമിൽ പലരും മിൾട്രിയിലും മറ്റുമാണ്.. പെൺകുട്ടികൾ എന്നേപോലെ മക്കൾക്ക്‌ നെന്മണിയുടെ പഴയ കഥകളും മറ്റും പറഞ്ഞ്  കൊടുത്ത് കുടുംബിനികളായ് .
                           
           ഗ്രൂപ്പിൽ ഒരു മെസ്സേജ് അയച്ചു.."എല്ലാവരും ഫ്രീ ആവുമ്പോൾ നമുക്കൊരു ദിവസം കൊയിലോട്ട് പാറയിൽ പോവണം".. റിബിന്റെ റിപ്ലേ.."ലക്ഷ്മീ,നിനക്ക് വട്ടായോടി?" ചിലപ്പോൾ ആയിരിക്കും. ചടഞ്ഞു കൂടിയിരിക്കുന്ന ന്യൂ ജെനറേഷൻസിനെ കാണുമ്പോൾ എനിക്കെന്റെ നാടിനോടും ഞാൻ വളർന്ന കാലഘട്ടത്തോടും പ്രണയം മൊട്ടിടും..അത് ചിലപ്പോൾ വട്ടായിരിക്കാം.
                                    ഇനിയുമൊരുപാട് പറയാനുണ്ട് എന്റെ നാടിനെക്കുറിച്ച്. ഒർമ്മയിൽ നിന്ന് തപ്പിയെടുത്ത് പിന്നീടൊരിക്കൽ പറയാം.
         

No comments:

Post a Comment