InOrmma

Monday, 18 April 2016

ഓർമ്മ ...

    എന്നെ സംബന്ധിച്ചു അന്ന് വളരെ വിലപ്പെട്ട ഒരു ദിനമായിരുന്നു. ഓർമയിലെന്നെന്നും നിലനില്ക്കുന്ന ഒരു ദിനം..ഇത്താത്തയുടെ വിവാഹമാണ്. എന്റെ വീട്ടിലെ ആദ്യത്തെ ചടങ്ങാണ്.. മീനവേനൽ .ദുസ്സഹമായ ചൂടും .നീല നിറത്തിലുള്ള പന്തലിൽ നിൽക്കുമ്പോൾ എന്തൊരു ചൂടായിരുന്നു..ആ ചൂടോടു കൂടി തലേദിവസം ഇത്താത്തയോടൊപ്പം കിടന്നുറങ്ങി. പക്ഷെ ഉറക്കം വന്നില്ല.. പിറ്റേദിവസം എങ്ങനെയിരിക്കും എന്നോർത്ത് ഓർത്ത്‌...
                                നേരം പുലർന്നു. ഞാൻ എപ്പോഴും ഒരു സ്വകാര്യത ആഗ്രഹിക്കുന്ന കുട്ടിയാണ്.എന്റെ പുസ്തകങ്ങളും മറ്റു സാധനസാമഗ്രികളും ഒന്നുംതന്നെ ആരും എടുക്കുന്നത് എനിക്കിഷ്ട്ടമാല്ലായിരുന്നു.അതുകൊണ്ട് തന്നെ എനിക്ക് വാങ്ങിയിരുന്ന വസ്ത്രങ്ങളും മറ്റുമെല്ലാം ഞാൻ അയല്പക്കത്തെ വീട്ടിലെ റൂമിലാണ് സൂക്ഷിച്ചു വെച്ചത്.രാവിലെത്തന്നെ പോയ് കുളിച്ചു ഒരുക്കം തുടങ്ങി.പ്ലസ്‌ ടു കഴിഞ്ഞ വെക്കേഷൻ ആയതു കൊണ്ട് അല്പ്പം മൊഞ്ചു കൂടിയിരുന്നൂ എന്നാരോ പറഞ്ഞത് കേട്ടു ഞാൻ അഹങ്കരിച്ചു.നീളൻ മുടിയിൽ 5 മുളം മുല്ലയുമൊക്കെ വെച്ചു ഞാനങ്ങനെ വിലസി നടന്നു. ഉമ്മ ഓടി നടക്കുന്നുണ്ട്.എങ്കിലും മകൾ പോവുന്നതിലുള്ള ദുഖം ആ മുഖത്തു നിന്ന് വായിച്ചെടുക്കാം..ഉമ്മാക്ക് എന്നെക്കാൾ പ്രിയം ഇത്താത്തയോടായിരുന്നു .നല്ല സീനായിരിക്കും,ഞാനോർത്തു . പക്ഷെ എന്റെ ഉപ്പ..ഉപ്പ എന്നും രാവിലെ എഴുന്നേറ്റു കുളിച്ച് സുബഹിയൊക്കെ നിസ്ക്കരിച്ചു  നല്ല മൊഞ്ചനായിട്ടാണ് പുറത്തെക്കൊക്കെ പോവാറുള്ളു .ദിവസം രണ്ടു നേരം കുളി നിർബന്ധവുമാണ് .നാട്ടുകാര് ഉപ്പയെ സ്നേഹത്തോടെ "മമ്മൂട്ടിക്ക" എന്നാണു വിളിച്ചിരുന്നത്. കാരണം ഉപ്പ നല്ല സുന്ദരനായിരുന്നു.പക്ഷെ.. അന്നെന്റെ ഉപ്പ കുളിച്ചിരുന്നില്ല .വസ്ത്രം പോലും മാറിയിട്ടില്ല. ആകെ വിയർത്തിരിക്കുന്നു .ഉമ്മ പുറകെ നടക്കുന്നുണ്ട്.."പോയ് കുളിച്ചു വെരി ".. പക്ഷെ ഉപ്പ അതിഥികളെ സ്വീകരിക്കാൻ പന്തലിലേക്ക് പോയ്.

                              കല്യാണത്തിന്റെ അവസാന റൌണ്ടിലേക്ക് കടക്കാനായ്..ഉമ്മ കരച്ചിൽ ആരംഭിച്ചു.ആരോ പറയുന്നത് കേട്ടു "ഉപ്പാക്ക് വിഷമൊന്നും കാണില്ല. കുട്ടികള് ചെറുതായപ്പോൾ തൊട്ട്  അന്ന്യനാട്ടിലല്ലേ .. അടുത്തില്ലാത്ത ആളായതു കൊണ്ട് വിഷമോന്നുണ്ടാവില്ല.." ആ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.. പക്ഷെ...ഇത്താത്ത ഇറങ്ങുന്ന വേളയിൽ ഉപ്പ ഉമ്മയുടെയും  എന്റെയുമെല്ലാം റെക്കോർഡ്‌ തകർത്ത് കളഞ്ഞു. ഞാൻ തമാശ പറഞ്ഞതല്ല...സത്യമായിരുന്നു,ആ കണ്ണുകളിൽ നിന്നൂർന്നു വീണ ഓരോ കണ്ണുനീരും സത്യമായിരുന്നു.എന്റെ ഹൃദയവും വല്ലാതെ പിടഞ്ഞു.ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത എന്റെ വിവാഹ നാളിനെക്കുറിച്ചു അന്നാദ്യമായ്‌ ഞാനോർത്തു .അന്നെന്റെ ഉപ്പ ഇതിനെക്കാൾ ഏറെ പൊട്ടിക്കരയും.ഞാനും..ഉപ്പയുടെ ഓരോ കണ്ണുനീരും എന്നെ ഭൂമിയോളം അനുഗ്രഹിക്കും..ആ അനുഗ്രഹം മാത്രം മതി എന്റെ ജന്മം സഫലമാകാൻ. ആ ഒരു നിമിഷത്തെക്കുറിച്ചു ഞാനൊരുപാടു ചിന്തിച്ചു. ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.എന്നെ കെട്ടുന്ന ആൾക്ക് ഒരു സിനിമാതാരത്തിന്റെ രൂപമൊക്കെ നല്കി, ഞാനങ്ങനെ ഒർത്ത് കൊണ്ടേയിരുന്നു .ഉപ്പയോട്‌ വിട പറയുന്ന നിമിഷം.എന്റെ കരങ്ങൾ മറ്റൊരാൾക്ക്  കൈമാറുന്ന ഉപ്പയുടെ കരങ്ങൾ..മറ്റെന്തിനെക്കാളും ഞാൻ വിലകല്പ്പിക്കുന്ന ഉപ്പയുടെ അനുഗ്രഹം..ആനന്ദം.
                         പക്ഷെ, വിധി മറ്റൊന്നായിരുന്നു .ആരോടുമൊന്നും പറയാതെ വിടപറഞ്ഞു പോയത്  ഉപ്പയായിരുന്നു.കെട്ടി ഉയർത്തിയ പളുങ്കു കൊട്ടാരം ഒരു നിമിഷം കൊണ്ട്...വയ്യ..ഒരു വിവാഹമൊന്നുമായിരുന്നില്ല എന്റെ സ്വപ്നം.. ഉമ്മക്കും ഉപ്പക്കും നല്കാൻ കഴിയുന്ന പരമാവധി സന്തോഷം. ഇന്നും അതങ്ങനെ തന്നെയാണ്.. പക്ഷെ...എല്ലാത്തിനും ഒരു മങ്ങലേറ്റ പോലെ.ഒന്നും വ്യക്തമായ് കാണുവാൻ കഴിയാത്ത പോലെ..
                   ഒടുവിൽ എല്ലാം  ഒരോർമ്മയായ്  മാറുകയായിരുന്നു.കണ്ണുനീരിൽ ചാലിച്ചെടുത്ത ഓർമ്മ ..ഏതോ പാട്ടിലെ ചില വരികൾ പോലെ 
                                    "ഓർമ്മച്ചിപ്പിക്കുള്ളിൽ ഒരുതുള്ളിക്കണ്ണീർ മാത്രം
                                      മേലേ താളം തുള്ളും ആഴിക്കുള്ളിൽ മൗനം ...."
                         

4 comments: