എന്റെ കൂട്ടുകാരിക്ക്...
കഴിഞ്ഞ കുറെ നാളുകളായ് നിന്നെക്കുറിച്ചോർക്കാതെ ഒരു രാപ്പകൽ പോലും എന്നെ കടന്നു പോയിട്ടില്ല. നിന്റെ പുഞ്ചിരിക്കുന്ന മുഖം എന്നെ വേട്ടയാടുന്നു. പോകുന്നതിനു മുൻപ് ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ..? ഊണിലും ഉറക്കത്തിലും നാമൊന്നായിരുന്നില്ലേ ?
അക്ഷരത്തിന്റെ ആദ്യാക്ഷരം കുറിച്ച നാൾ മുതൽ നീ ആയിരുന്നു എനിക്കെല്ലാം. എന്റെ അമ്മ എന്നും നിനക്ക് വേണ്ടി 'മറ്റൊരിലച്ചോര്‍' കൂടി തന്നു വിടുമായിരുന്നു. ആഘോഷങ്ങള്‍ക്കെല്ലാം നീയായിരുന്നെന്നെ ഒരുക്കിയിരുന്നത്.
നീ ഓർക്കുന്നോ, നമ്മുടെ കോളേജ് ദിനങ്ങളിലാണ് നീ നിന്റെ നൊമ്പരങ്ങൾ പങ്കുവെച്ചത്. എന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ദേവൂ ഞാൻ മനസ്സിലാക്കിയത് നിനക്ക് നിന്റെ അച്ഛനെ വെറുപ്പാണെന്ന്. കുഞ്ഞുന്നാളിൽ നിന്റെ അച്ഛൻ മരിച്ചു പോയെന്നും അമ്മ അച്ഛന്റെ അനിയനെ വിവാഹം ചെയ്തു എന്നും, അത് നിന്റെ ഇളയച്ചനാണെന്നും നീ തിരിച്ചറിഞ്ഞതും അതേ പതിനെട്ടാം വയസ്സിലായിരുന്നു.
അതേ ഇളയച്ചനിൽ നിന്നും നിനക്കെന്തു സംഭവിച്ചു എന്ന് ഒരിക്കൽ കൂടെ ഓര്‍ക്കാന്‍ നീയിഷ്ടപ്പെടുന്നില്ലല്ലോ? ദേവൂ , പത്തൊമ്പതാമത്തെ വയസ്സുമുതൽ നമ്മൾ താമസിച്ചത് ഹോസ്റ്റലിൽ ആയിരുന്നു.നീ ഓർക്കുന്നുണ്ടോ, ഉണക്കച്ചപ്പാത്തിയും പുളിച്ച സാമ്പാറും നമ്മൾ ആസ്വദിച്ചു കഴിച്ചു.. നിന്നെ ഞാൻ മാറ്റിയെടുത്ത് പുതിയ ഒരു ദേവൂട്ടിയാക്കി. അതിൽ ഞാൻ അഭിമാനിച്ചു.
ദേവൂ, ഇരുപതാം വയസ്സിൽ നാം കോളേജിന്റെ പടിക്കെട്ടുകളിറങ്ങി. അച്ഛന്‍ കണ്ടുപിടിച്ച മാരനെ വിവാഹം ചെയ്യാൻ ഞാൻ ഒരുങ്ങിയപ്പോൾ, ദേവൂ നീ ഒരു ഭ്രാന്തിയെപോലെ..
എന്റെ മംഗല്യരാവില്‍ നീ പന്തലിലേക്ക് ഓടിക്കയറി വന്നതും, കണ്ണിൽ കണ്ടതെല്ലാം വലിച്ചു വാരി എറിഞ്ഞതും, നിനക്ക് അടുക്കളയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം തന്ന എന്റെ അമ്മയുടെ കഴുത്തിന് കേറിപ്പിടിച്ചതും ഞാനിന്നും ഓർക്കുന്നു. അന്ന് നീ പറഞ്ഞു; ഞാൻ ജീവിക്കേണ്ടത് നിന്റെ കൂടെയാണെന്ന്! നമ്മുടെ വിവാഹം നടത്തിയില്ലേൽ നീ എന്റെ അമ്മയെ കൊല്ലുമെന്ന്..!
ദേവൂ.... എന്റെ പേര് നന്ദിനി, ഞാനൊരു പെണ്ണാണ്. ഞാൻ ഉറക്കെ കരഞ്ഞു. നീ അത് കേട്ടില്ല. എല്ലാരും കൂടെ ചേർന്ന് നിന്നെ ഭ്രാന്താശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും ഞാൻ ഉറക്കെ കരഞ്ഞു. പക്ഷേ...
കല്യാണം കഴിഞ്ഞു നിന്നെ കാണാന്‍ വന്നപ്പോൾ ഞാൻ നിന്നെ വഞ്ചിച്ചു എന്ന് പറഞ്ഞു നീ.. എന്ത് കുറ്റമാണ് ദേവൂ ഞാൻ ചെയ്തത്? നിന്നെ ഉപദ്രവിച്ച ഇളയച്ഛന്റെ കൈകളിൽ നിന്ന് നിന്നെ രക്ഷിച്ഛതോ? നിന്റെ ഫീസ് കൊടുത്തു നിന്നേം കൂടെ പഠിപ്പിക്കാന്‍ എന്റെ വീട്ടുകാരോടാവശ്യപ്പെട്ടതോ? ഇത്രമേൽ അസഭ്യമായ മാറ്റം നിനക്കെങ്ങനെ വന്നു ദേവൂ.. ഇളയച്ഛനോടുള്ള വെറുപ്പ് മുഴുവൻ പുരുഷന്മാരോടുമായ് മാറിയതാവാം ഒരുപക്ഷേ കാരണം. എങ്കിലും ദേവൂ ഞാൻ നിനക്കാരായിരുന്നു??
നിന്നെ തനിച്ചാക്കി തിരികെ വന്നതിൽ എനിക്കൊരുപാട് വിഷമം തോന്നി. അന്നും ഞാൻ ഒരുപാട് കരഞ്ഞു. വീണ്ടും നിന്നെ വന്നു കാണണമെന്നും നിന്നെ പഴയപോലെ മിടുക്കിയാക്കണമെന്നും നിനച്ചിരിക്കെ.. എന്റെ അമ്മ ആ വാർത്ത എന്നെ അറിയിച്ചു ..
ഒരു തുണ്ട് സാരിത്തുമ്പിൽ തീർത്ത് കളഞ്ഞു ദേവൂ നീ നിന്റെ ജീവിതം. ഒപ്പം എന്റെയും. നിന്റെ മരണത്തിന്റെ ഒരേ ഒരു ഉത്തരവാദി ഞാനാണെന്ന് നിനക്കെങ്ങനെ എഴുതുവാൻ തോന്നി? അറിഞ്ഞുകൊണ്ട് ഞാനാരെയും ദ്രോഹിച്ചിട്ടില്ല.
കോടതിയും കേസും എനിക്കു മടുത്തു ദേവൂട്ടീ.. എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു.
ഇളയച്ഛന്റെ കൈകളിൽ നിന്ന് നിന്നെ രക്ഷിച്ചു പുതിയൊരാളാക്കിയ ആ വീര്യം എന്നില്‍ നിന്നും ഇപ്പോഴും ചോര്‍ന്നിട്ടില്ല ദേവൂ... എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ ജയിലില്‍ പ്രസവിക്കാനിട കൊടുക്കാതെ ഞാന്‍ പോരാടും, എതിര്‍ഭാഗം വക്കീല്‍ അളൂര്‍ ആവരുതേ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന
നന്ദിനി
jeseee...polichu
ReplyDeleteVery nice short story.
ReplyDeleteExpecting more stories from you :)
All the best dear :)
This comment has been removed by the author.
DeleteLove the part of reality in this story...
ReplyDelete