InOrmma

Thursday 28 July 2016

മാനസവീണ..


തോർന്നൊഴിയാ കണ്ണുനീർ ബാക്കിതന്ന് 
എങ്ങു നീ മാഞ്ഞുപോയ് എന്നെനിക്കറിവില്ല 
എങ്കിലും പ്രിയേ...
ഇന്നോളം മറ്റൊരു പൂവും വിടർന്നതില്ലെൻ വാടിയിൽ

      പൊഴിഞ്ഞു പോയെന്നറിയാം ഇനി വിടരില്ലെന്നുമറിയാം 
      പിറവിയാൽ ഒരു മറവിയും എന്നെ അനുഗ്രഹിച്ചതില്ല 
      ഓരോ കാറ്റിലും നിന്റെ ഗന്ധം 
      ഓരോ നിലാവിലും നിൻ വെളിച്ചം ...
      എങ്കിലും സഖീ..
      ഇന്നെനിക്കുറങ്ങുവാൻ നിലാവും വന്നതില്ല..

എന്റെ ഹൃദയമാം വീണയിൽ നീ ശ്രുതി മീട്ടിയ നാൾ 
ഓരോ പൗർണ്ണമിയിലും ഞാനൊരു ഗന്ധർവ്വനായ് 
എങ്കിലും പ്രണയിനീ..
ഇന്നുമെൻ പ്രാണനിൽ ആ ശ്രുതി മാത്രം 
അതു പാടുവാൻ മനസ്സിൽ ഒരീണമില്ല..

        പ്രിയ മാനസ്സേ..
       നിൻ വിരൽസ്പർശമേൽക്കുന്ന നാൾ വരെ 
       ശ്രുതിമറന്ന വീണയായ് ഞാൻ കാത്തിരിക്കാം..
       ഓർമ്മകൾ പൂക്കുന്ന വീഥിയിൽ..


        --------------------------------------------------------------------------------------------
 Red  Rose.. 
എവിടെ വെച്ചാണ് ആദ്യമായ് കണ്ടതെന്ന് ഓർമ്മയില്ല. ആദ്യമായ് കാണുമ്പോൾ അവൾ ധരിച്ചിരുന്ന സൽവാറിന്റെ നിറം ചുവപ്പായിരുന്നു.വെളുത്ത കൈത്തണ്ടയിൽ കിലുങ്ങുന്ന കുപ്പിവളകളുടെ നിറവും ചുവന്നതായിരുന്നു.ഇഷ്ട്ടം പറഞ്ഞതെന്നാണെന്ന് ഓർമ്മയില്ല.പറയുവാനായ് പോവുമ്പോൾ എന്റെ കൈകളിൽ ഞാനൊരു ചുവന്ന റോസാപുഷ്പ്പം സൂക്ഷിച്ചിരുന്നു.ഹൃദയം തുറന്നെന്റെ ഇഷ്ട്ടം പറഞ്ഞപ്പോൾ അവളുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു.കോരിചൊരിയുന്ന മഴയിൽ മെയ് ഫ്ലവറിനാൽ ചുവന്ന പരവതാനി വിരിച്ച പാതയിലൂടെ അവളോടി മറയുമ്പോൾ ആ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.ചുവന്നു പട്ടുടുത്തു പടിയിറങ്ങുമ്പോളും ആ കവിളുകൾ ചുവന്നു തന്നെയിരുന്നു.കണ്ണുകളടയുന്നതിന്റെ തൊട്ടു മുൻപേ ഞാൻ കണ്ടു ,അറ്റുപോയ സിരയിൽ നിന്നൊഴുകുന്ന രക്തം അവളുടെ നെറ്റിയിലെ സിന്ദൂരം പോലെ ചുവന്നിരിക്കുന്നത്..

No comments:

Post a Comment